പേപ്പർ രഹിത നയം; കഴിഞ്ഞ വർഷം ദുബായ് ചേംബർ ലാഭിച്ചത് 11 ദശലക്ഷം ദിർഹം



ദുബായ്> ഡിജിറ്റൽ ഇടപാടുകൾ ശക്തിപ്പെടുത്തിയതിലൂടെ 2021-ൽ 11 ദശലക്ഷം ദിർഹം ചെലവും, ഒരു ദശലക്ഷം പേപ്പർ ഷീറ്റുകൾ ലാഭിക്കുകയും ചെയ്‌ത‌‌തായി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവിഷ്‌കരിച്ച ദുബായ് പേപ്പർലെസ് സ്ട്രാറ്റജിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിന് 100 ശതമാനം പേപ്പർലെസ് സ്റ്റാമ്പ് ലഭിച്ചത്. ദുബായിയെ ലോകത്തിലെ ആദ്യത്തെ പേപ്പർലെസ് ഗവൺമെന്റാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് നിലവിൽ 50-ലധികം സ്‌മാർട്ട് സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട് ഇതുവഴി ബിസിനസ്സ് എളുപ്പവും കാര്യക്ഷമവുമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.    കോവിഡ് വ്യാപനത്തോടെ ലോകരാജ്യങ്ങൾ പലതും ഡിജിറ്റൽ രംഗത്തേക്ക് മാറിയിരുന്നു. എന്നാൽ പേപ്പർ രഹിത സർക്കാർ എന്ന ആശയം മുൻനിർത്തി ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ദുബായിക്ക് കഴിഞ്ഞു. ഡിജിറ്റൽ സേവനങ്ങളുടെ വികസനത്തിലും ഉപഭോക്തൃ അനുഭവം സമ്പന്നമാക്കുന്നതിലും നിക്ഷേപം നടത്തുന്നത് ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ മുൻഗണനയായി തുടരുന്നു, ഇതിനായി ഒരു ഇറ്റാലിയൻ ബിസിനസ്സ് ഡെലിഗേഷനുമായി പേപ്പർലെസ് ധാരണാപത്രം ഒപ്പുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. Read on deshabhimani.com

Related News