അക്കാഫ് ടാസ്‌ക് ഫോഴ്സിന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അംഗീകാരം



ദുബായ്> കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായ് അക്കാഫ് ടാസ്‌ക് ഫോഴ്സിന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രത്യേക അംഗീകാരം.  കോവിഡ് കാലത്തെ സേവനത്തിനാണ് അംഗീകാരം. കോണ്‍സുല്‍ ജനറല്‍ വിപുല്‍ അംഗീകാരം കൈമാറി. ചടങ്ങില്‍ അക്കാഫിന്റ മുഖ്യ രക്ഷാധികാരി ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി ചെയ്ത സേവനത്തിന് പ്രത്യേക അംഗീകാരവും ലഭിച്ചു. ഈ ദുരിതകാലത്തും അന്‍പത്തി അഞ്ചോളം ദിവസങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വന്ദേ ഭാരത് മിഷന്‍  പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനായി  പ്രവര്‍ത്തിച്ച അക്കാഫ് ടാസ്‌ക് ഫോഴ്സ് ചീഫ് കോര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവന്‍, ജനറല്‍ സെക്രട്ടറി വി.എസ്.ബിജുകുമാര്‍, ജോ:ട്രഷറര്‍ ജൂഡിന്‍ ഫെര്‍ണാണ്ടസ്, എക്‌സിക്യൂട്ടീവ് അംഗം ജോണ്‍സന്‍ മാത്യു എന്നിവര്‍ക്കും അംഗീകാരം ലഭിച്ചു. നിസ്സ്വാര്‍ത്ഥ സേവനത്തിനു ലഭിച്ച അംഗീകാരമാണിതെന്ന് ചടങ്ങില്‍ ചെയര്‍മാന്‍  ഷാഹുല്‍ ഹമീദ് അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന്  പ്രവാസി മലയാളികളെ മുന്‍ഗണനാ ക്രമത്തില്‍ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള  റീപാട്രിയേഷന്‍ പദ്ധതിയില്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരോടൊപ്പം ആദ്യം മുതല്‍ അവസാനം വരെ മികച്ച സേവനപ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് പ്രസിഡന്റ് ചാള്‍സ് പോള്‍ അഭിപ്രായപ്പെട്ടു സ്ഥാനം മാറിപ്പോകുന്ന കോണ്‍സല്‍ ജനറല്‍ വിപുലിന് യാത്രാ അയപ്പിന്റ ഭാഗമായി അക്കാഫിന്റെ സ്‌നേഹോപഹാരവും ചടങ്ങില്‍ കൈമാറി. ട്രഷറര്‍ റിവ ഫിലിപ്പോസ് നന്ദി രേഖപ്പെടുത്തി.   Read on deshabhimani.com

Related News