മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിന് നവ്യാനുഭവമായി ഡോ. തോമസ് ഐസകിന്റെ സന്ദര്‍ശനം

ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്‌റൈനില്‍ എത്തിയ മുന്‍ മന്ത്രി ഡോ. തോമസ് ഐസകിന് മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കിയപ്പോള്‍


മനാമ > വിശാലമായ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് ചുറ്റികണ്ടും കച്ചവടക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുമായി സംവദിച്ചും ഡോ. തോമസ് ഐസകിന്റെ സന്ദര്‍ശനം. ബഹ്‌റൈനിലെ കാര്‍ഷിക രീതി, ഉല്‍പ്പാദനം, സെന്‍ട്രല്‍മാര്‍ക്കറ്റിലെ തൊഴിലാളികളുടെ ജീവിതം തുടങ്ങിയ വിവിധ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ സന്ദര്‍ശനം നവ്യാനുഭവമായി.    ശനിയാഴ്ച രാവിലെയാണ്  മുന്‍ ധനകാര്യമന്ത്രിയും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായി ഡോ. തോമസ് ഐസക് മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചത്. ഏറെ നേരം അവിടെ ചെലവഴിച്ച അദ്ദേഹം ബഹ്‌റൈനി കര്‍ഷകരുമായും മരുഭൂമിയിലെ അവരുടെ കാര്‍ഷിക രീതികളെക്കുറിച്ചും ചോദിച്ചറിഞ്ഞു.    മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് മലയാളി അസോസിയേഷന്‍ (എംസിഎംഎംഎ) അദ്ദേഹത്തിന് ഉഷ്മള സ്വീകരണം നല്‍കി. അസോസിയേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തുക തുടങ്ങിയ വിഷയങ്ങള്‍ അടങ്ങിയ നിവേദനം ഭാരവാഹികള്‍ ഡോ. തോമസ് ഐസകിന് നല്‍കി.    വരുമാനത്തിന്റെ മാനദണ്ഡം അനുസരിച്ചാണ് ലൈഫ് മിഷന്‍ വീടുകള്‍ അനുവദിക്കുന്നതെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസികളില്‍ സ്ഥിര വരുമാനമുള്ളവരും നല്ലവരുമാനമുള്ളവരും അത് ഇല്ലാത്തവരുമുണ്ടെന്ന കാര്യം നിങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നിവേദനം സര്‍ക്കാരിലേക്ക് കൊടുത്ത് എങ്ങിനെയാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുക എന്നത് ചര്‍ച്ച ചെയ്യുമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.    ഇത് ഒരു ഔപചാരിക അസോസിയേഷനായി നില്‍ക്കരുതെന്നും സംഘടനയുടെ ആഭിമുഖ്യത്തില്‍ മലയാളി കച്ചവടക്കാരുടെ സഹകരണ സംഘം ആരംഭിക്കണമെന്നും ഡോ. ഐസക് നിര്‍ദേശിച്ചു. മരുഭൂമിയില്‍ വിളയിച്ച ഇരുപത്് തരം പച്ചക്കറി ഇലകള്‍ ഈ മാര്‍ക്കറ്റില്‍ കണ്ടു. എന്നാല്‍, ഇതില്‍ ചീര മാത്രമേ നാട്ടില്‍ കാണുന്നതായുള്ളൂ. നാട്ടിലെ വിവിധ തരം പച്ചക്കറി ഇലകള്‍ ഇവിടെക്ക് കൊണ്ടുവരാന്‍ ശ്രമം ഉണ്ടാകണം- അദ്ദേഹം പറഞ്ഞു.   മുഖ്യ രക്ഷാധികാരി എംഎംഎസ് ഇബ്രാഹിം, രക്ഷാധികാരികളായ മെഹബൂബ് കാട്ടില്‍ പീടിക, ലത്തീഫ് മരക്കാട്ട്, പ്രസിഡന്റ് ചന്ദ്രന്‍ വളയം, സെക്രട്ടറി അഷ്‌കര്‍ പൂഴിത്തല, ജോ. സെക്രട്ടറി നൗഷാദ് കണ്ണൂര്‍, ട്രഷറര്‍ സുമേശ് കൊടുങ്ങല്ലൂര്‍, എക്്‌സിക്യുട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.    പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, പ്രതിഭ മുഖ്യ രക്ഷാധികാരി ശ്രീജിത്, പ്രസിഡന്റ് ജോയ് വെട്ടിയാടന്‍, ജനറല്‍ സെക്രട്ടറി പ്രതീപ് പാതേരി തുടങ്ങിയവര്‍ അനുഗമിച്ചു.          Read on deshabhimani.com

Related News