ഡോ. ബാബു സ്റ്റീഫൻ ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസർ



ന്യൂയോർക്ക് > അമേരിക്കൻ മലയാളി വ്യസായിയും ഫൊക്കാനാ പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫൻ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറാകുന്നു. രണ്ടര ലക്ഷം ഡോളറിന്റെ ചെക്ക് ഡോ. ബാബു സ്റ്റീഫൻ സംഘാടക സമിതി പ്രസിഡന്റ് മന്മദൻ നായർക്ക് ടൈംസ് സ്ക്വയറിൽ വെച്ചു കൈമാറി . ജൂൺ 9,10,11 തിയതികളിൽ ന്യൂയോർക്ക് ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്വേ ഹോട്ടലിലാണ് സമ്മേളനം. സമ്മേളനത്തിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൂടിയായിരുന്നു ഇത്. ഹോസ്പിറ്റാലിറ്റി  കമ്മറ്റി ചെയർമാൻ പോൾ കറുകപ്പള്ളിയുടെ  സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്.  പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ ഡയമണ്ട് സ്പോൺസറാകുന്നതിൽ അഭിമാനമുണ്ടെന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.  കേരളത്തിന് സഹായം ആവശ്യമുള്ള ഘട്ടങ്ങളിലൊക്കെ  വലിയ രീതിയിൽ സംഭാവനകൾ നൽകിയിട്ടുള്ള ജീവ കാരുണ്യ പ്രവർത്തകനാണ് ബാബു സ്റ്റീഫൻ. അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റാണ്.  ഈ വർഷം ഫൊക്കാനാ കേരളാ കൺവൺഷൻ തിരുവനന്തപുരത്ത് നടത്തിയപ്പോൾ 101 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പഠന സ്കോളർഷിപ്പുകൾ നൽകുകയും വീടില്ലാത്ത 25 കുടുബങ്ങൾക്ക് വീടുവച്ചു നൽകുകയും ചെയ്തു. കേരള സർക്കാരിന്റെ എല്ലാ പരിപാടികളിലും സഹകരിക്കുന്നതിനൊപ്പം അമേരിക്കൻ പൊതു രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഡോ. ബാബു സ്റ്റീഫൻ. അമേരിക്കൻ പ്രസിഡൻഡുമാരുടെ വാർഷിക ഡിന്നറിൽ ഇദ്ദേഹത്തെ ക്ഷണിക്കാറുണ്ട്. ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറാകുവാനുള്ള ഡോ. ബാബു സ്റ്റീഫന്റെ തീരുമാനത്തിൽ  ചീഫ് കോർഡിനേറ്ററായ ഡോ. എം അനിരുദ്ധനും സംഘാടക സമിതിയും സന്തോഷം രേഖപ്പെടുത്തി. Read on deshabhimani.com

Related News