യുഎഇയിൽ സ്വദേശിവൽക്കരണം പാലിക്കാത്ത കമ്പനികൾക്ക് വൻ പിഴ



മനാമ> യുഎഇയിൽ സ്വദേശിവൽക്കരണം പാലിക്കാത്ത കമ്പനികൾക്ക് പിഴ വർധിപ്പിക്കുന്നു. ഈ വർഷം മുതൽ നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും വർഷത്തിൽ 84,000 ദിർഹം വീതമായി പിഴ വർധിപ്പിച്ചതായി മാനവ വിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൽറഹ്‌മാൻ അറിയിച്ചു. കഴിഞ്ഞ വർഷം 72,000 ദിർഹം വീതമായിരുന്നു പിഴ.  ജീവനക്കാരുടെ എണ്ണത്തിന് അനുപാതികമായി പിഴ വർധിക്കും. പിഴ ഓരോ വർഷവും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷാവസാനത്തോടെ, അൻപതോ അതിലധികമോ വിദഗ്ധ ജീവനക്കാരുള്ള കമ്പനികളിൽ നാല് ശതമാനം സ്വദേശി ജീവനക്കാരുണ്ടാകണമെന്നാണ് തീരുമാനം. 2026ൽ സ്വദേശി അനുപാതം 10 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികളിലെ വിദഗ്ധ ജോലികളിൽ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 109 കമ്പനികൾ ഇതിൽ വീഴ്ച വരുത്തി. ഇവർക്ക് കഴിഞ്ഞ വർഷം 40 കോടി ദിർഹം (ഏതാണ്ട് 888 കോടി രൂപ) പിഴ ചുമത്തി. നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും മാസത്തിൽ ആറായിരം ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം വീതമായിരുന്നു പിഴ ചുമത്തിയത്. കഴിഞ്ഞ വർഷം ഏകദേശം 9,293 കമ്പനികൾ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ കൈവരിച്ചു. സ്വകാര്യ മേഖലയിൽ സ്വദേശികളെ പരിശീലിപ്പിക്കുന്നതിന് യുഎഇ മന്ത്രിസഭ 125 കോടി ദിർഹം നീക്കിവെച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളിലെ സ്വദേശി ജീവനക്കാരുടെ പരിശീലത്തിനും ശമ്പളത്തിനുമായാണ് ഈ തുക നീക്കിവെച്ചത്. യുഎഇ പൗരന്മാരെ വൈദഗ്ധ്യവും മത്സരക്ഷമതയും വർധിപ്പിച്ച് സ്വകാര്യമേഖലയിൽ നിയമിക്കാനും പിന്തുണയ്ക്കാനുമായി യുഎഇ ് നാഫിസ് എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം 28,700 ലധികം യുഎഇ പൗരന്മാർ സ്വകാര്യമേഖലയിൽ ചേർന്നു. 32,566 പേർ നാഫിസിന്റെ സാമ്പത്തിക സഹായ പദ്ധതി ഗുണഭോക്താക്കളായി. Read on deshabhimani.com

Related News