ഷഹീന്‍ ചുഴലിക്കാറ്റ് കരതൊട്ടു; ഒമാന്‍ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും



മനാമ > വടക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ഉഷ്ണമേഖല ചുഴലിക്കാറ്റായ ഷഹീന്‍ കരതൊട്ടു. ഞായറാഴ്ച രാത്രി ഒമാന്‍ പ്രാദേശിക സമയം 8.29 ഓടെ വടക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ തീര പട്ടണങ്ങളായ മുസന്നക്കും ഷുവൈക്കിനും ഇടയില്‍ കൂടിയാണ് ഷഹീന്‍ തീരത്തേക്ക് കടന്നത്. മണിക്കൂറില്‍ 120-150 കിലോമീറ്റര്‍ വേഗത്തിലുള്ള ശക്തമായ കാറ്റിനും കനത്ത മഴക്കുമൊപ്പമാണ് ചുഴലി കരയില്‍ പതിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ചുഴലി കാറ്റ് പൂര്‍ണ്ണമായും കരയിലെത്തിച്ചേരും. കാറ്റില്‍ സുല്‍ത്താന്‍ ഖബൂസ് തുറമുഖത്ത് മര കപ്പല്‍ മുങ്ങി. വടക്കന്‍, തെക്കന്‍ അല്‍ ബാതിന ഗവര്‍ണറേറ്റുകളില്‍ കാറ്റും മഴയും വന്‍ നാശം വിതച്ചേക്കുമെന്ന ഭീതിയുണ്ട്. ഈ ഭാഗങ്ങളില്‍ നിന്ന് ശനിയാഴ്ച തന്നെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഈ ഗവര്‍ണറേറ്റുകളിലെ മിക്കവാറും പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുമെന്ന് ഒമാന്‍ കാലാവസ്ഥ വിഭാഗം അറിയിച്ചു. മുന്‍ കരുതല്‍ നടപടിയായി പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേചിച്ചു. ശക്തമായ കാറ്റും മഴയും ഞായറാഴ്ച രാത്രിയും തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമാണ്. ഞായറാഴ്ച രാവിലെ തന്നെ തലസ്ഥാനമായ മസ്‌കത്തില്‍ പല ഭാഗങ്ങളിലും റോഡില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. റുസായില്‍ വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തിലേക്ക് മലയിടിഞ്ഞ് ഏഷ്യക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. കെട്ടിടത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മസ്‌കത്ത് വിമാനതാവളത്തില്‍ നിന്ന് നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടു. മലവെള്ളത്തില്‍ ഒഴുക്കില്‍പെട്ട് പെണ്‍കുട്ടി മരിച്ചു. ചുഴലിക്കാറ്റിന്റെ കേന്ദ്രം ഞായറാഴ്ച വൈകീട്ട് ഏഴിനും രാത്രി ഒന്‍പതിനുമിടയില്‍ തീരം തൊടുമെന്ന് നേരെത്ത ഒമാന്‍ കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് മസ്‌കത്തിലും സമീപ ഗവര്‍ണറേറ്റുകളിലും മഴയും കാറ്റും ശക്തമായത്. കെടുതികള്‍ നേരിടാന്‍ വിപുലമായ തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കൊടുങ്കാറ്റിന്റെ പാശ്ചാത്തലത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പൊതു, സ്വകാര്യമേഖലകള്‍ക്ക് അവധി നല്‍കി. പത്തിലധികം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. 2,173 പൗരന്മാരും 846 താമസക്കാരും ഉള്‍പ്പെടെ 3,019 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റ് വെള്ളപൊക്കം ഉണ്ടാക്കിയേക്കുമെന്ന ആശങ്കയുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ തലസ്ഥാനത്തിന് കിഴക്കുള്ള അല്‍ഖുറാമില്‍ വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് ദേശീയ അടിയന്തര സമിതി അറിയിച്ചു. നിരവധി റോഡുകള്‍ അടച്ചു. മസ്‌കത്ത്, വടക്കന്‍ അല്‍ ബാതിന, അല്‍ ദാഹിറ എന്നീ ഗവര്‍ണറേറ്റുകളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച വരെ അടച്ചിട്ടു. അല്‍ ബാതിന മേഖലയില്‍ ഗതാഗതം നിര്‍ത്തി. ഇവിടെ കനത്ത മഴ പെയ്യുന്നു. ഷുവൈക്കില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിയ രണ്ട് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. വ്യാപക നാശനഷ്ടം പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വീടുകളിലും വാഹനങ്ങളിലും കുടുങ്ങിയ നിരവധി പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. വാലികള്‍ മുറിച്ച് കടക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 6 മണിക്കൂറിനുള്ളില്‍ ബര്‍ക്ക, സീബ്, സുവൈക്ക് എന്നിവിടങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തി. അതേസമയം മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മഴ കുറഞ്ഞു. Read on deshabhimani.com

Related News