കോവിഡ്: സൗദിയില്‍ ശമ്പളം വെട്ടികുറക്കല്‍ അനുമതി പിന്‍വലിച്ചു; വേതന രഹിത അവധി പാടില്ല



മനാമ > കോവിഡ് സാഹചര്യത്തില്‍ സൗദിയില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ ശമ്പളവും തൊഴില്‍ സമയവും കുറക്കാനും അവധി ദീര്‍ഘിപ്പിക്കാനും നല്‍കിയിരുന്ന അനുമതി തൊഴില്‍ മന്ത്രാലയം പിന്‍വലിച്ചു. വേതന രഹിത അവധിക്ക് തൊഴിലാളികളെ നിര്‍ബന്ധിപ്പിക്കരുതെന്നും മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. രാജ്യം കോവിഡില്‍ നിന്ന് മുക്തമാകുന്ന പാശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തൊഴില്‍ സമയത്തിന് അനുകൂലമായി വേതനം കുറക്കുന്നതിന് തൊഴിലാളികളുമായി ധാരണയില്‍ എത്താന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണ് വേതനം കുറക്കാനും ജോലി സമയം കുറക്കാനും അനുമതി നല്‍കുന്ന നിയമം പ്രഖ്യാപിച്ചത്. ഇതില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കാനും അവധി നീട്ടി നല്‍കാനും അനുമതിയുണ്ടായിരുന്നു. നിയമം പിന്‍വലിച്ച സാഹചര്യത്തില്‍ കരാര്‍ പ്രകാരമുള്ള പഴയ ശമ്പളം പുനഃസ്ഥാപിക്കണം. നിര്‍ബന്ധിച്ച് തൊഴില്‍ സമയം കുറക്കാനോ നിര്‍ബന്ധിത അവധി നല്‍കാനോ പാടില്ല. തൊഴിലാളികളുടെ രേഖാമൂലമുള്ള സമ്മതത്തോടെയാണെങ്കില്‍ പോലും വേതന രഹിത അവധി നല്‍കരുതെന്നും അതേക്കുറിച്ച് ഉടന്‍ പരാതി നല്‍കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. കോവിഡ് ധനസഹായം സ്വീകരിച്ച കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നേരത്തെ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. Read on deshabhimani.com

Related News