ജീവിതം തുറന്നിട്ട് ​ഗള്‍ഫ്; സൗദി, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ എല്ലാ നിയന്ത്രണവും നീക്കി



മനാമ > കോവിഡ്‌ നിയന്ത്രണങ്ങൾ നീക്കി ഗൾഫ് രാജ്യങ്ങൾ സാധാരണനിലയിലേക്ക്. മാളുകളിലും മാർക്കറ്റുകളിലും പാർക്കുകളിലും ജനത്തിരക്കേറി. സൗദി, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ എല്ലാ നിയന്ത്രണവും നീക്കി. കുവൈത്ത് രാത്രികാല കർഫ്യൂ ചുരുക്കി. ഖത്തറിൽ ഇളവുകളുടെ രണ്ടാം ഘട്ടം ജൂലൈമുതല്‍. ബഹ്‌റൈനിലും ജനജീവിതം സാധാരണനിലയില്‍. മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും നിർബന്ധമാക്കിയാണ് രാജ്യങ്ങൾ വീണ്ടും തുറന്നത്.  സൗദിയടക്കം പല രാജ്യത്തും ഹെൽപ്പ് ഡെസ്‌കുകളിൽ സഹായം അഭ്യർഥിച്ചുള്ള വിളികള്‍ കുറഞ്ഞു. നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിച്ച വലിയ വിഭാഗം തീരുമാനം മാറ്റി. സൗദിയിലടക്കം അത്യാവശ്യക്കാർ മാത്രമാണ്  നാട്ടിലേക്കു മടങ്ങാന്‍ ശ്രമിക്കുന്നത്. വൻതോതിൽ തൊഴിൽ നഷ്ടമുണ്ടായ ​ഗതാ​ഗതം, വിനോദയാത്ര, ഹോട്ടല്‍ മേഖല വൈകാതെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് വിപണി. സൗദി, ദുബായ്, ഷാർജ, ഒമാൻ എന്നിവിടങ്ങളിൽ പൊതു ഇടങ്ങളില്‍ അവധി ദിവസമായ വെള്ളിയാഴ്ചയും തിരക്കേറി. ദുബായിൽ ബീച്ചും പാർക്കും സജീവമായി.  മ്യൂസിയങ്ങളും തിയറ്ററുകളും തുറന്നു. ജൂലൈ ഏഴുമുതൽ വിനോദസഞ്ചാരികളെ യുഎഇ പ്രവേശിപ്പിക്കും. യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ രോ​ഗികളുടെ എണ്ണവും മരണവും കുറയുന്നു. എല്ലാ ഗൾഫ് രാജ്യത്തും രോഗമുക്തി നിരക്ക് കുതിച്ചുയര്‍ന്നു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ മികച്ച ചികിത്സയാണ്  ലഭിക്കുന്നത്. Read on deshabhimani.com

Related News