സ്‌കൂൾ ഫീസ് കുറക്കാനുള്ള സമ്മർദ്ദം യുഎയിൽ വ്യാപകം; ശുപാർശയുമായി അഡക്ക്



ദുബായ് >  കൊറോണ വ്യാപന പശ്ചാത്തലത്തിൽ  രണ്ടാഴ്ച കാലത്തേക്ക് പ്രഖ്യാപിച്ചിരുന്ന ഇ ലേർണിംഗ് സമ്പ്രദായം ഈ അക്കാദമിക് വർഷം അവസാനം വരെ (ജൂൺ മാസം) തുടരാൻ സർക്കാർ ഉത്തരവിറക്കി. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പല രക്ഷിതാക്കളുടേയും ജോലി നഷ്ടപ്പെടുകയും, പലരും ശമ്പളമില്ലാത്ത അവധിയിലുമാണ്. ആയതിനാൽ ബസ് ഫീസ്, മറ്റു അനുബന്ധ ഫീസുകൾ എന്നിവ ഒഴിവാക്കി നൽകണം എന്ന ആവശ്യം രക്ഷിതാക്കൾക്കിടയിൽ ശക്തമായി. ഇല്ലാത്ത സേവനത്തിനു ഈടാക്കുന്ന തുകയാണ് ഇതെന്നാണ് പൊതുവിൽ രക്ഷിതാക്കളുടെ അഭിപ്രായം. ഇത്തരമൊരു ആവശ്യത്തോട് അനുഭാവപൂർവമായ നിലപാടെടുടുത്തുകൊണ്ട് അൽ നജ എജുക്കേഷൻ ഗ്രൂപ്പ് അവരുടെ സ്ഥാപനങ്ങളായ ഹൊറൈസൺ ഇംഗ്ലീഷ് സ്‌കൂൾ, ഹൊറൈസൺ ഇൻറർനാഷണൽ സ്കൂൾ എന്നിവയിൽ  സ്കൂൾ ഫീസിൽ 20 % ഇളവ് പ്രഖ്യാപിച്ചു. യുഎഇയിൽ ഇത്തരമൊരു ആശ്വാസ് പദ്ധതി പ്രഖ്യാപിക്കുന്ന ആദ്യത്തെ സ്കൂൾ ഗ്രൂപ്പാണിത് .    ഇ ലേർണിംഗ് രീതി തുടരുന്ന സാഹചര്യത്തിൽ സ്കൂൾ ഫീസുകളിൽ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണനക്ക് എടുക്കണമെന്ന് അബുദാബി ഡിപ്പാർട്ട്മെൻറ് ഓഫ് എജുക്കേഷൻ ആൻഡ് നോളജ് (അഡക്ക്) നിർദ്ദേശിച്ചു. രക്ഷിതാക്കൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ ഫീസ് സ്ട്രക്ച്ചറിൽ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന നിർദ്ദേശമാണ് അഡക്ക് സ്‌കൂളുകൾക്ക് നൽകിയിട്ടുള്ളത്. ഏതെങ്കിലും രക്ഷിതാക്കൾക്ക് സ്കൂൾ ഫീസ് അടക്കാൻ കഴിയാത്ത സാഹചര്യം വരികയാണെങ്കിൽ, അത്തരം രക്ഷിതാക്കളുമായി കൂടിയാലോചിച്ച് പെയ്മെൻറ് സ്കീമുകൾ ഉറപ്പാക്കാനും ആലോചിക്കുന്നുണ്ട് .   പലരും ഇപ്പോൾ അൺ പെയ്ഡ് ലീവിലായതിനാൽ അവരുടെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത്  ഫീസ് കുറക്കുന്ന കാര്യം പരിഗണിക്കും . രക്ഷിതാക്കളുടെ അഭിപ്രായങ്ങളും പരാതികളും പരിശോധിക്കുന്നതിനായി സ്‌കൂളിൽ ഒരാളെ നിയമിക്കുകയും  ആവശ്യമായ തീരുമാനങ്ങൾ സ്‌കൂൾ അധികാരികൾ എടുക്കുകയും വേണമെന്ന് അഡക്ക് നിർദ്ദേശിക്കുന്നു. ഓരോ ടീച്ചർമാരും അർപ്പണബോധത്തോടെ ഈ സമയത്ത് ജോലി ചെയ്യുന്നു എന്നുള്ളതിനാൽ അവരുടെ ശമ്പളം കുറക്കുന്നത് ആശ്വാസകരമല്ല എന്നും, നിലവിലെ പ്രതിസന്ധിയെ മറികടക്കാനുള്ള കഴിവിനെ അത് ബാധിക്കുമെന്നും അഡക്ക്  നിരീക്ഷിക്കുന്നു.      Read on deshabhimani.com

Related News