കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട 26 രോഗികളും നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചവര്‍



കുവൈത്ത് സിറ്റി> കുവൈത്തില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട 26 രോഗികളും ആരോഗ്യ മന്ത്രാലയത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചവര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട്.ഇറാനില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അവിടെ കുടുങ്ങിക്കിടന്ന 700 ഓളം കുവൈത്ത്പൗരന്മാരെ ഒഴിപ്പിച്ചു കൊണ്ടു വരുന്നതിനു ഫെബ്രുവരി 22 നു കുവൈത്ത് എയര്‍ വെയ്‌സിന്റെ ആറു വിമാനങ്ങളാണു പുറപ്പെട്ടത്. വിമാനത്തില്‍ കയറുന്നതിനു മുമ്പേ പ്രാഥമിക പരിശോധന നടത്തിയതിനു ശേഷം രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നു ഉറപ്പ് വരുത്തിയവരെയാണു ആദ്യ അഞ്ചു വിമാനങ്ങളില്‍ കയറ്റി അയച്ചത്.എന്നാല്‍ രോഗ ലക്ഷണങ്ങള്‍ സംശയിക്കപ്പെടുന്നവര്‍ അടക്കുമുള്ള 126 പേര്‍ സഞ്ചരിച്ചിരുന്നത് അവസാന വിമാനത്തിലായിരുന്നു. കുവൈത്തില്‍ എത്തിയ ശേഷം ആദ്യ വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പെരെയും വീണ്ടും പരിശോധിച്ച ശേഷം 2 ആഴ്ച നിരീക്ഷണ വിധേയമാക്കണമെന്ന നിബന്ധനയിലാണു ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചത്. എന്നാല്‍ അവസാന വിമാനത്തില്‍ എത്തിയ 126 പേരെയും ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ പ്രത്യേക കേന്ദ്രത്തില്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി പാര്‍പ്പിക്കുകയും ഇവരെ കൂടുതല്‍ പരിശോധനക്ക് വിധേയമാകുകയും ചെയ്തു. പരിശോധനയില്‍ ആദ്യ മണിക്കൂറില്‍ തന്നെ 5 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തുകയും ചെയ്തു.തുടര്‍ന്നിങ്ങോട്ട് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട മുഴുവന്‍ പേരും ഇതേ കേന്ദ്രത്തില്‍ നിന്നുള്ളവരാണെന്നാണു ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്.ഇക്കാരണത്താല്‍ വൈറസ് ബാധ പുറത്ത് പടരാനുള്ള സാധ്യത വിരളമാണെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.ഇതുകൊണ്ട് തന്നെ വൈറസ് ബാധിതരുടെ എണ്ണം ഇനിയും  വര്‍ദ്ധിച്ചാല്‍ പോലും പൊതു ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണു നിഗമനം. എന്നാല്‍ പൊതു ഇടങ്ങളില്‍ കൂടുതല്‍ ഇടപഴകുന്നതും മറ്റും ഒഴിവാക്കുവാനും രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങങ്ങള്‍ പിന്തുടരുവാനും ജാഗ്രത പാലിക്കുവാനുമാണ് അധികൃതര്‍ ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നത്.അതിനിടെ ദേശീയ ദിന അവധി ദിനങ്ങള്‍ ചെലവഴിക്കുന്നതിനായി 4 ലക്ഷത്തോളം പേരാണു രാജ്യത്തു നിന്നും പുറത്ത് പോയിരിക്കുന്നത്.വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഇവരുടെ തിരിച്ചുവരവ് അവധി കഴിയുന്ന ഫെബ്രുവരി 29 മുതല്‍ ആരംഭിക്കും. വൈറസ് ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും ഇവരെ പുറത്തേക്ക് വിടുക. രോഗം സംശയിക്കപ്പെടുന്ന മുഴുവന്‍ പേരെയും മാറ്റി പാര്‍പ്പിക്കുന്നതിനു രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി പ്രദേശമായ ഖൈറാനിലുള്ള വന്‍ പാര്‍പ്പിട സമുച്ചയം ഒഴിപ്പിച്ചിരിക്കുകയാണു ആരോഗ്യമന്ത്രാലയം. എന്നാല്‍ അവധി കഴിഞ്ഞു തിരിച്ചെത്തുന്ന 4 ലക്ഷത്തോളം യാത്രക്കാരെ വൈറസ് ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തുന്ന കഠിനമായ  ദൗത്യമാണു വരും ദിവസങ്ങളില്‍ അധികൃതര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.അതേ സമയം രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 14 വരെ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടന്നുവരുന്ന സി.ബി.എസ്.സി.യുടെ പത്താം ക്ലാസ് , പ്ലസ് 2 പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കുമെന്ന് വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ അധികൃതര്‍ വ്യക്തമാക്കി.   Read on deshabhimani.com

Related News