കുട്ടികളുടെ വായനോത്സവം ഷാർജ ഭരണാധികാരി സുൽത്താൻ അൽഖാസിമി ഉദ്ഘാടനം ചെയ്തു



ഷാർജ > കുട്ടികളുടെ പതിനാലാമത് വായനോത്സവത്തിന് ഷാർജയിൽ തുടക്കമായി. ഷാർജ എക്സ്പോ സെന്ററിൽ ബുധനാഴ്ച ആരംഭിച്ച വായനോത്സവം യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്‌തു. ഷാർജ ഉപ ഭരണാധികാരി ഷെയ്ക്ക് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽഖാസിമി, മന്ത്രി ഷേക്ക് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ, കലിമാത്ത് ഗ്രൂപ്പ് സ്ഥാപകയും സിഇഒയുമായ ഷെയ്ക്ക് ബുദുർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കുഞ്ഞുങ്ങളുടെ ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കുകയും, വായനയുടെ ലോകത്തിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യം വെച്ച് Train your brain എന്ന പ്രമേയം അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വായനാമഹോത്സവം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. 66 രാജ്യങ്ങളിൽ നിന്നായി 457 എഴുത്തുകാർ, കലാകാരന്മാർ, പ്രസാധകർ, ചിത്രകാരന്മാർ, വിദഗ്‌ധർ എന്നിവരുടെ സാന്നിധ്യത്തിൽ ഒരുക്കുന്ന ഈ മേളയിൽ കുക്കറി ഷോ, വിവിധതരം ആക്‌ടിവിറ്റികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം, ഹൗസ് ഓഫ് വിസ്‌ഡം എന്നിവ അടക്കം നിരവധി സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. 12 ദിവസം നീണ്ടുനിൽക്കുന്ന മേള മെയ് 14നാണ് അവസാനിക്കുന്നത് Read on deshabhimani.com

Related News