ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ മെയ് 3 മുതൽ 14 വരെ



ഷാർജ> 2023 ലെ ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ മെയ് 3 മുതൽ 14 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. 66 രാജ്യങ്ങളിൽ നിന്നായി 512 അതിഥികളാണ് ഇത്തവണ ഫെസ്റ്റിവലിൽ ഉണ്ടാവുക. 39 സാംസ്‌കാ‌രിക ഘോഷ യാത്രകളും 1658  സെഷനുകളും മേളയിൽ ഉണ്ടാകും. ഫെസ്റ്റിവലിന്റെ 14 --ാമത് എഡിഷൻ ഇന്നുവരെയുള്ള ഏറ്റവും വലിയ അന്താരാഷ്‌ട്ര സാന്നിധ്യം ഉറപ്പാക്കുന്ന മേളയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 93 അറബ് പ്രസാധകരും 48 വിദേശ പ്രസാധകരും ഉൾപ്പെടെ 141 പ്രസാധകരാണ് മേളയിൽ എത്തുന്നത്. "നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക' എന്നതാണ് ഇത്തവണത്തെ മേളയുടെ തീം. ആനിമേഷൻ ഉൾപ്പെടെ നിരവധി  ഇവന്റുകളും, പുസ്‌തക വില്‍പ്പനക്കാരുടെ സമ്മേളനവും ഇതോടനുബന്ധിച്ച് നടക്കും. മേളയുടെ വിശദാംശങ്ങൾ വിവരിക്കാൻ കൂടിയ പത്രസമ്മേളനത്തിൽ ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി,  ഷാർജ ബ്രോഡ്‌കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ റാഷിദ് അബ്‌ദു‌ല്ല ഒബേദ്, മേളയുടെ കോർഡിനേറ്റർ ഖൗല അൽ മുജൈനി, പ്രസാധക സേവനങ്ങളുടെ ഡയറക്‌ടർ മൻസൂർ അൽ ഹസ്സനി, മുഹമ്മദ് അൽ അമീമി തുടങ്ങിയവർ പങ്കെടുത്തു. ആനിമേഷൻ സമ്മേളനം ഇത്തവണ മേളയിൽ ആദ്യമായി അരങ്ങേറുന്ന ഒന്നാണ്. ഇറ്റലിയിലെ ബെർഗാമോ ആനിമേഷൻ ഡേയ്‌സ് ഫെസ്റ്റിവലിന്റെ പങ്കാളിത്തത്തോടെയാണ് ഇത്  നടത്തുന്നത്. കുട്ടികളുടെ പ്രവർത്തനങ്ങളും നാടക -കലാപ്രകടനങ്ങളും ഉൾപ്പെടെ 25 പേരുടെ നേതൃത്വത്തിൽ 946 പരിപാടികളും 10 രാജ്യങ്ങളിൽ നിന്നുള്ള അതിഥികളും വൈവിധ്യമാർന്ന ശിൽപശാലകളും കല, കായികം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ നിന്നായി 136 തിയറ്ററുകളും റോമിംഗ് ഷോകളും അക്രോബാറ്റും സംഗീത കച്ചേരികളും ഫെസ്റ്റിവലിൽ ഒരുങ്ങും.   ഈജിപ്‌തിൽ നിന്നുള്ള അമൽ ഫറ, ജോർദാനിൽ നിന്നുള്ള ഡോ. ഫാദിയ ദാസ്, സിറിയയിൽ നിന്നുള്ള മോഹൻനാദ് താബെത് അൽ അകൗഷ്, ഈജിപ്‌തിൽ നിന്നുള്ള സമഹ് അബൂബക്കർ എസാത്ത്, കുവൈറ്റിൽ നിന്നുള്ള മുഹമ്മദ് ഷെക്കർ മഹ്മൂദ് ജിറാഗ് എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ശ്രദ്ധേയരായ വ്യക്തികളാണ്. അന്താരാഷ്‌ട്ര അതിഥികളിൽ കുട്ടികളുടെ ഫിക്ഷന്റെ അന്തർദേശീയ ബെസ്റ്റ് സെല്ലിംഗ് രചയിതാവായ റോസ് വെൽഫോർഡ് ഉൾപ്പെടുന്നു. ജാസ്മിൻ ഫാർഗ, എല്ലി റോബിൻസൺ, തിമോത്തി നാപ്മാൻ, ആനി ഓസ്വാൾഡ് തുടങ്ങിയ പ്രശസ്തരും മേളയിൽ സംബന്ധിക്കും. Read on deshabhimani.com

Related News