പ്രവാചകനിന്ദ-: ഇന്ത്യക്കെതിരെ അറബ്‌ രാജ്യങ്ങളിൽ പ്രതിഷേധം കനക്കുന്നു



ദുബായ്> ബിജെപി വക്‌താക്കളായ നൂപുർ ശർമയും, നവീൻ ജിൻഡാലും നടത്തിയ അന്യമത നിന്ദയ്‌ക്കെതിരെ അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിഷേധം അതിശക്തമായി തുടരുകയാണ്. ഇന്ത്യയുമായി ഏറ്റവും വലിയ സ്നേഹവും സൗഹൃദവും നിലനിർത്തി മുന്നോട്ടുപോകുന്ന രാജ്യങ്ങളാണ് അറബ് രാജ്യങ്ങൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമാണ് ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ളത്. എന്നാൽ കാലങ്ങളായി ഇന്ത്യയുമായി നിലനിൽക്കുന്ന ഈ ഊഷ്മള ബന്ധത്തിൽ വിള്ളലാണ് ഈ സംഭവത്തോടെ ഉണ്ടായിട്ടുള്ളത്.  സഹിഷ്ണുതയുടേയും സഹവർത്തിത്വത്തിന്റേയും സംസ്കാരത്തോടെയുള്ള പെരുമാറ്റത്തിന്റേയും മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഇന്ത്യയിൽ ഉണ്ടായ ഈ സംഭവങ്ങൾ എന്നാണ് അറബ് ലോകം വിലയിരുത്തുന്നത്. നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകളെ തള്ളിക്കളയുകയാണെന്നും ജനങ്ങളെ ഒന്നിച്ചുനിർത്തുന്നതിലും രാജ്യങ്ങൾ തമ്മിലുള്ള സൗഹദവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഖത്തർ കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ സുലൈത്തി ആവശ്യപ്പെട്ടു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതിനൊപ്പം വിദ്വേഷം പ്രചരിപ്പിക്കുന്ന എല്ലാറ്റിൽ നിന്നും അകന്നുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പ്രവാചകനിന്ദാ വിഷയത്തിൽ ഖത്തർ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയും മോദി സർക്കാർ പരസ്യ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പുറമേ രാജ്യത്തെ വിപണിയിൽ നിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ഉയരുകയും ഇതിന്റെ ഭാഗമായി സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇവ നീക്കുകയും ചെയ്തിരുന്നു. അറബ് രാജ്യങ്ങളുടെ കൂട്ടായ്മകൾ പ്രവാചകനിന്ദാ വിഷയത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചതിനു പിന്നാലെ യുഎന്നും ഇന്ത്യക്കെതിരേ രംഗത്തുവന്നിരുന്നു. എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനും ബഹുമാനിക്കാനും കഴിയണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോമിയോ ഗട്ടറസിന്റെ വക്താവ് സ്റ്റെഫാനി ഡുജാറിക് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അതേസമയം അറബ് രാജ്യങ്ങൾക്ക് പുറമേ ഇതരരാജ്യങ്ങളും പ്രവാചകനിന്ദയ്ക്കെതിരെ രംഗത്തുവന്നു കൊണ്ടിരിയ്ക്കുകയാണ്. അറബ് ലീഗും ഒഐസിയും അടക്കം വിഷയത്തിൽ ഇന്ത്യക്കെതിരേ രംഗത്തുവന്നത് കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇതേത്തുടർന്ന് അറബ് രാഷ്ട്രത്തലവൻമാരെ അനുനയിപ്പിക്കുന്നതിനായി ദൂതന്മാരെ അയയ്ക്കുന്നതടക്കമുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി നടത്തുന്നുണ്ട്. സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, യുഎഇ, ഇന്തോനേഷ്യ, ജോർദാൻ, ഇറാൻ തുടങ്ങി നിരവധി രാജ്യങ്ങളാണ് ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയ്ക്കെതിരേ കടത്തു അതൃപ്തി അറിയിക്കുകയും ഇന്ത്യയുടെ പരസ്യ ക്ഷമാപണം ആവശ്യപ്പെടുകയും ചെയ്തത്. Read on deshabhimani.com

Related News