ബികെഎസ് ആരോഗ്യമിത്രം പുരസ്‌കാരം ഡോ. വിപി ഗംഗാധരന് സമ്മാനിച്ചു



മനാമ > മനുഷ്യത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തിയ പ്രഥമ 'ആരോഗ്യമിത്രം' പുരസ്‌കാരം പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വിപി ഗംഗാധരന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും, മെമെന്റോയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.    ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയാണ് പുരസ്‌കാരം സമ്മാനിച്ചത്.   അവാര്‍ഡ് കമ്മറ്റിയില്‍ വന്ന നിരവധി പേരുകള്‍ക്കിടയില്‍ നിന്നും നിസ്സംശയം ഡോ വി പി ഗംഗാധരനെ തിരഞ്ഞെടുക്കാനായെന്നും അര്‍ബുദ രോഗ ചികിത്സയില്‍ നല്‍കിയ സംഭാവനകള്‍ക്ക് പുറമെ രോഗികളുമായി അദ്ദേഹം നിലനിര്‍ത്തുന്ന സ്‌നേഹബന്ധം ഊഷ്മളമാണെന്നും പിവി രാധാകൃഷ്ണപിള്ള പറഞ്ഞു.   ഇതോടനുബന്ധമായി നടന്ന സമാജം കാന്‍സര്‍ അസിസ്റ്റന്‍സ് ഫോറം ഡോ. വിപി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. അര്‍ബുദ ചികിത്സാ മേഖലയില്‍ സമാജത്തിന് എല്ലാ പിന്തുണയും സഹായ സഹകരണങ്ങളും അദ്ദേഹം  വാഗ്ദാനം ചെയ്തു. പ്രശസ്ത ഓങ്കോളജിസ്റ്റും വിപി ഗംഗാധരന്റെ പത്‌നിയുമായ ഡോ. കെ ചിത്രതാര സംസാരിച്ചു.    സമാജഖജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്തു നന്ദിയും പറഞ്ഞു.        Read on deshabhimani.com

Related News