ശാസ്ത്ര അവബോധം വളര്‍ത്തുക ഭരണഘടന ബാധ്യത: പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍



മനാമ >  'ഇന്ത്യന്‍ ശാസ്ത്ര നയങ്ങളും അന്ധവിശ്വാസവും' എന്ന വിഷയത്തില്‍ ബഹ്‌റൈന്‍ പ്രതിഭ ശാസ്ത്രക്ലബ് പ്രഭാഷണം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത് മുന്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡണ്ടുമായ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ശാസ്ത്ര അവബോധവും മാനവികതയും അന്വേഷണ ത്വരയും പരിഷ്‌ക്കരണ ബോധവും വികസിപ്പിക്കുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണ് എന്ന ഭരണഘടനാ തത്വം അദ്ദേഹം ഓര്‍മിപ്പിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ വികസനങ്ങള്‍ക്കും പുതുഗവേഷണത്തിനും അനുയോജ്യമായ ഒരു അന്തരീക്ഷം നിലവില്‍ ഇന്ത്യയില്‍ ഇല്ലാതാകുന്നു. ശാസ്ത്ര സമൂഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു. നിലവിലുള്ള  ശരിയില്‍ നിന്നും കൂടുതല്‍ ശരിയിലേക്ക് നാം മുന്‍പോട്ടു പോകണം. അറിവിന്റെ സാര്‍വ്വ ജനീന സ്വഭാവം മാറി കമ്പോളവത്കരിക്കപ്പെടുമ്പോള്‍ അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കപെടുന്നു. അന്ധവിശ്വാസങ്ങള്‍ വിശ്വാസങ്ങളായി പ്രചരിപ്പിക്കപ്പെടുന്നു. ഇതിനെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കേണ്ടതുണ്ട്- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  പ്രതിഭ ശാസ്ത്രാവബോധം വളര്‍ത്താനുള്ള ഇത്തരം സദസ്സുകള്‍ സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. സദസ്സില്‍ നിന്നുമുയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് അഡ്വ. ജോയ് വെട്ടിയാടന്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സംസാരിച്ചു. ശാസ്ത്ര ക്ലബ് കണ്‍വീനര്‍ ഹരി പ്രകാശ് സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗം കെഎം സതീഷ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News