മുഖ്യമന്ത്രിക്കെതിരായ ആക്രമണം:കെപിഎഫ്‌എസ്‌ പ്രതിഷേധം രേഖപ്പെടുത്തി



സൂറിച്ച്> കേരളജനത വന്‍ഭൂരിപക്ഷത്തോടെ വീണ്ടും നെഞ്ചിലേറ്റി വിജയിപ്പിച്ച ഇടതു മന്ത്രിസഭ അതിന്റെ തേരോട്ടം തുടരുന്നതില്‍ അതിരോഷം പൂണ്ടു കോണ്‍ഗ്രസ്സ് വര്‍ഗീയശക്തികളുമായി  കൈകോര്‍ത്തു നടത്തുന്ന അക്രമപരമ്പരകളില്‍ കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിട്‌സര്‍ലാന്‍ഡ് പ്രതിഷേധിച്ചു. ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും പതിവാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു ജനശ്രദ്ധ നേടുന്നതിന് പകരം അക്രമപ്രവര്‍ത്തനങ്ങളിലേക്കു തിരിയുന്നത് ജനാധിപത്യ പ്രക്രിയക്ക് തടസ്സമുണ്ടാക്കുന്നതാണെന്നു ഭാരവാഹികള്‍ വിലയിരുത്തുന്നു. ഇക്കഴിഞ്ഞ ദിവസം വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിക്ക്‌നേരെയുണ്ടായ ആക്രമണശ്രമം നുരഞ്ഞു പൊങ്ങുന്ന അസൂയയുടെ ഭാഗമാണെന്നു വേണം വിലയിരുത്താന്‍. ജനം തിരസ്‌കരിച്ച മുന്‍ UDF സര്‍ക്കാരിനെ പുനഃ സ്ഥാപിക്കാന്‍ വര്‍ഗീയശക്തികളെ കൂട്ടുപിടിച്ചു നടത്തുന്ന ഇത്തരം കുല്‌സിതശ്രമങ്ങളെ ഉന്നതമായ ജനാധിപത്യരീതിയില്‍ തന്നെ നേരിടണമെന്ന് കേരളജനതയോടു ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വര്‍ഗീയശക്തികളോടൊത്തുചേര്‍ന്ന് ഇക്കൂട്ടര്‍ കലാപമുണ്ടാക്കുന്നതു ഇതാദ്യമല്ല, എന്നിരുന്നാലും ഇത് പ്രബുദ്ധരായ കേരളജനത തിരിച്ചറിയുമെന്ന് സംഘടനക്കുവേണ്ടി ജന:സെക്രട്ടറി സാജന്‍ പെരേപ്പാടന്‍  പറഞ്ഞു.   Read on deshabhimani.com

Related News