മുഖ്യന്ത്രിയുടെ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസി സമൂഹം



അബുദാബി> രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികവേളയിലെ മുഖ്യന്ത്രിയുടെ സന്ദർശനത്തിൽ കൂടുതൽ പ്രവാസി സൗഹൃദ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹമെന്ന് സ്വാഗത സംഘം ചെയർമാൻ ഡോ. കെ പി ഹുസൈൻ. മുഖ്യമന്ത്രിയ്‌ക്കുള്ള  സ്വീകരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താനായി ചേർന്ന പ്രവർത്തക സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾക്കായി മികച്ച നിക്ഷേപ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്ന കാര്യത്തിൽ കേരള സർക്കാർ ഇതിനകം ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കൂടുതൽ എളുപ്പത്തിലും വേഗതയിലും നടപടികൾ മുന്നോട്ടു പോകാനുള്ള നീക്കങ്ങളും ഫലപ്രദമായി നടന്നുവരുന്നുണ്ടെന്ന് പ്രോഗ്രാം കോർഡിനേറ്റർമാരായ രാജൻ മാഹി, ആർ പി മുരളി എന്നിവർ ചൂണ്ടിക്കാട്ടി. ജനറൽ കൺവീനറും നോർക്ക ഡയറക്ടറുമായ ഒ വി മുസ്‌തഫ അധ്യക്ഷനായി. നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനുള്ള താത്പര്യമറിയിച്ച് ചെറുതും വലുതുമായ നിരവധി സംഘടനകൾ മുന്നോട്ടു വന്നതായി അദ്ദേഹം വ്യക്തമാക്കി. 351 അംഗ സ്വാഗത സംഘത്തിന്റെ നിർദേശപ്രകാരമുള്ള പ്രവർത്തനങ്ങൾ വിവിധ കമ്മിറ്റികളും സംഘടനകളും ഇതിനകം ആരംഭിച്ചതായും പ്രവർത്തക സമിതി യോഗം വിലയിരുത്തി. ഇതുവരെയുള്ള പ്രവർത്തനങ്ങളും ഇനി വേണ്ട നടപടികളും യോ​ഗത്തില്‍ വിശദീകരിച്ചു. എംഇഎസ് യു എ ഇ പ്രസിഡന്റ്- സി കെ മജീദ്, മാസ് ഷാർജയിൽ നിന്ന് ഹമീദ്, ഫുജൈറ കൈരളിയിൽ നിന്ന് സൈമൺ മാസ്റ്റർ, RAK ചേതനയിൽ നിന്ന് മോഹനൻ പിള്ള, യുവകലാസാഹിതിയിൽ നിന്ന് വിൽസൺ തോമസ്, ജനതാദൾ പ്രതിനിധി ബാബു, ഓർമ ദുബായിൽ നിന്ന് അനീഷ് മണ്ണാർക്കാട്, ഐബിപിസിയിൽ നിന്ന് ജെയിംസ് മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.   നോർക്കയുടെ നേതൃത്വത്തിൽ ദുബായിലും മറ്റ് വടക്കൻ എമിറേറ്റുകളിലുമുള്ള വിവിധ മലയാളി സംഘടനകളെ ചേർത്തുകൊണ്ട് ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ യുവജനങ്ങളും തൊഴിലാളികളും കുടുംബങ്ങളും അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 3000 ലേറെ മലയാളികൾ പങ്കെടുക്കും. വിവിധ തൊഴിലാളി മേഖലകളിൽ നിന്ന് പരിപാടിയിൽ പങ്കടുക്കാൻ ആഗ്രഹിക്കുന്നവർക്കായി വാഹന സൗകര്യം ഒരുക്കിയതായും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതാത് സംഘടനകളുമായി ബന്ധപ്പെട്ട് തങ്ങളുടെ പാസുകൾ ഉറപ്പാക്കണമെന്നും സംഘാടകർ അറിയിച്ചു.  അബുദാബി ഡിപ്പാർട്മെന്റ്‌ ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന ആനുവൽ ഇൻവെസ്റ്റ്മെൻറ് മീറ്റിൽ (AIM) പങ്കെടുക്കാനായി   യു എ ഇ സർക്കാരിന്റെ ക്ഷണപ്രകാരം എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ് എന്നിവർക്ക് മെയ് 10 ബുധനാഴ്ച വൈകിട്ട് 7ന് ദുബായ് അൽനാസർ ലെഷർ ലാൻഡിൽ വച്ചാണ് പൗര സ്വീകരണം നൽകുന്നത്. Read on deshabhimani.com

Related News