സൗദി തൊഴിൽ നിയമത്തിൽ പരിഷ്‌ക്കരണം: മാനവ വിഭവശേഷി മന്ത്രാലയം സർക്കുലർ പുറത്തിറക്കി



റിയാദ്> സൗദി തൊഴിൽ നിയമത്തിൽ പുതിയ പരിഷ്‌ക്കരണം ബാധകമാക്കി മാനവ വിഭവശേഷി മന്ത്രാലയം സർക്കുലർ പുറത്തിറക്കി.  പുതിയ പരിഷ്‌ക്കരണം പ്രകാരം ഒരു തൊഴിലാളി ജോലിയിൽ നിന്ന് വിട്ട് നിൽക്കുകയും അത്  തൊഴിലുടമ മന്ത്രാലയ പോർട്ടലിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതോടെ തൊഴിലാളിയുടെ സ്റ്റാറ്റസ്  സിസ്റ്റത്തിൽ “ജോലിയിൽ നിന്ന് വിട്ട് നിന്നു” എന്നായി മാറും. പിന്നീട് തൊഴിലാളിയുടെ മേൽ തൊഴിലുടമക്ക് ശമ്പളമടക്കമുള്ള യാതൊരു ബാധ്യതകളും  ഉണ്ടാകില്ല എന്ന് നിയമം അനുശാസിക്കുന്നു. അതേ സമയം സ്പോൺസർ തന്റെ തൊഴിലാളി ജോലിയിൽ നിന്ന് വിട്ട് നിന്നതായി റിപ്പോർട്ട് ചെയ്‌ത് 60 ദിവസത്തിനുള്ളിൽ തൊഴിലാളി  മറ്റൊരു തൊഴിലുടമയിലേക്ക് സ്പോൺസർഷിപ്പ് മാറുകയോ അല്ലെങ്കിൽ ഫൈനൽ എക്സിറ്റ് നേടുകയോ ചെയ്യാനുള്ള അവകാശമുണ്ടായിരിക്കും. ഈ രണ്ടു മാർഗങ്ങളിൽ ഏതെങ്കിലും ഒന്ന് തൊഴിലാളിക്ക് തെരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ഈ പറഞ്ഞ മുകളിലെ രണ്ട് മാർ​ഗങ്ങളും  സ്വീകരിക്കാതെ 60 ദിവസം പിന്നിട്ടാൽ പിന്നീട് മുഴുവൻ സിസ്റ്റങ്ങളിലും തൊഴിലാളിയുടെ പേരിൽ ഹുറൂബ്  അഥവാ സ്‌പോൺസറെ വിട്ട് തൊഴിലിടത്തിൽ നിന്ന് ഒളിച്ചോടിപ്പോയതായി കാണിക്കുന്ന  സ്റ്റാറ്റസ് ഓട്ടോമാറ്റിക്കായി മാറുന്നതാണ്. അതേ സമയം ഈ പരിഷ്‌ക്കരണം നിലവിൽ വരുന്നതിനു മുമ്പ്ഹുറൂബായവർക്ക് പുതിയ തൊഴിലുടമയിലേക്ക് സ്പോൺസർഷിപ്പ് മാറാനും പുതിയ പരിഷ്‌ക്ക‌രണം അനുവദിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. പുതിയ നിയമ പ്രകാരം ഹുറൂബായ തൊഴിലാളിയുടെ സ്പോൺസർഷിപ്പ് തന്റെ സ്ഥാപനത്തിലേക്ക് മാറ്റുന്ന സമയം പഴയ സ്പോൺസർ നൽകാൻ ബാക്കിയുള്ള തൊഴിലാളിയുടെ ലെവി പോലുള്ള ഫീസുകൾ പുതിയ സ്പോൺസർ അടക്കൽ നിർബന്ധമാണ്. അതോടൊപ്പം ഹുറൂബായ തൊഴിലാളിയുടെ കഫാല മാറ്റം മന്ത്രാലയം അംഗീകരിച്ച് 15 ദിവസത്തിനുള്ളിൽ സ്പോൺസർഷിപ്പ് മാറിയില്ലെങ്കിൽ തൊഴിലാളിയുടെ സ്റ്റാറ്റസ് ഹുറൂബായിത്തന്നെ തുടരുകയും ചെയ്യും എന്നും പുതിയ പരിഷ്‌ക്കരണം വ്യക്തമാക്കുന്നു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനും, എല്ലാ കക്ഷികളുടെയും കരാർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, വേതന സംരക്ഷണ സംവിധാനം ഉൾപ്പെടെ, രാജ്യത്തെ തൊഴിൽ വിപണിയുടെ ആകർഷണീയതയും വഴക്കവും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌ക്കരണം. Read on deshabhimani.com

Related News