ബഹ്‌റൈനിലും വന്ദേ ഭാരത് ടിക്കറ്റ് ഓണ്‍ലൈനില്‍



  മനാമ > യുഎഇക്കും ഖത്തറിനും പിന്നാലെ ബഹ്‌റൈനില്‍നിന്നുള്ള വന്ദേഭാരത് വിമാനങ്ങളിലും ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈന്‍ വഴി. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യാ എക്‌സ് പ്രസ് വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ ടിക്കറ്റ് എടുക്കാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു.    പാസ്‌പോര്‍ട്ട് വിവരങ്ങളും യാത്രക്കാരന്റെ ബന്ധപ്പെടേണ്ട നമ്പറും ബുക്ക് ചെയ്യുമ്പോള്‍ നിര്‍ബന്ധമായും നല്‍കണം. യാത്രക്ക് 24 മണിക്കൂര്‍ മുന്‍പ് ബുക്കിങ് അവസാനിക്കും.  ഇതുവരെ ഇന്ത്യന്‍ എംബസി നിശ്ചയിക്കുന്ന മുന്‍ഗണന പ്രകാരമായിരുന്നു നാട്ടിലേക്ക് പോകേണ്ടവരെ തെരെഞ്ഞടുത്തിരുന്നത്. ഇങ്ങിനെ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ മനാമയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ ചെന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. ഈ നിയന്ത്രണം എംബസി നീക്കിയിരിക്കയാണ്. ഇനി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എംബസി അനുമതിയില്ലാതെ തന്നെ ടിക്കറ്റ് എടുക്കാം.    യുഎഇയിലും ഖത്തറിലും ജൂലായ് മൂന്നിന് ആരംഭിച്ച നാലാം ഘട്ടം മുതല്‍ ടിക്കറ്റ്ുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരിട്ടാണ് വില്‍ക്കുന്നത്.    ആഗസ്ത് ഒന്നു മുതല്‍ 31 വരെ നീളുന്ന വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തില്‍ ഇന്ത്യയിലേക്ക് 43 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 11 വിമാനങ്ങള്‍ കേരളത്തിലേക്കാണ്. ഈ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് ഓണ്‍ലൈനായോ ഏജന്റ് മുഖേനയോ ബുക്കിങ് നടത്താം.    ആഗസ്ത് അഞ്ച്, 12, 19, 26 തീയതികളില്‍ കൊച്ചിയിലേക്കും ആറ്, 13, 16, 20, 23, 27 തീയതികളില്‍ കോഴിക്കോട്ടേക്കുമാണ് സര്‍വിസ്. കൊച്ചിയിലേക്കുള്ള വിമാനം ഉച്ചക്ക് ഒരു മണിക്കും കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചക്ക് 12.35നും പുറപ്പെടും. കൊച്ചിയിലേക്ക് 92 ദിനാറും കോഴിക്കോട്ടേക്ക് 87 ദിനാറുമാണ് നിരക്ക്. ആഗസ്ത് 28ന് ഉച്ചക്ക് 12.45 ന് കണ്ണൂരിലേക്കും സര്‍വീസ് ഉണ്ട്. 18, 25 തീയതികളില്‍ മംഗലുരുവിനും സര്‍വീസ് ഉണ്ട്.      Read on deshabhimani.com

Related News