ആവേശത്തിരയിളക്കി എഐസി പതാകജാഥ; ദേശീയ സമ്മേളനം ഫെബ്രുവരി 5,6 തീയതികളിൽ



ലണ്ടൻ > സിപിഐ എം അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ് (എഐസി) ദേശീയ സമ്മേളനത്തിന്റെ ഭാഗമായ പതാകജാഥ ലണ്ടനിൽ നടന്നു. ബ്രിട്ടനിലെയും അയർലണ്ടിലെയും വിവിധ പ്രദേശങ്ങളിൽ നിന്ന് വനിതകളും വിദ്യാർഥി പ്രതിനിധികളും അടക്കം നൂറിലേറെ പ്രവർത്തകർ ജനുവരിയിലെ തണുപ്പിനെ അവഗണിച്ച്‌ ചെങ്കൊടിയേന്തി. സമ്മേളന നഗരിയിൽ ഉയർത്താനുള്ള രക്തപതാക കമ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്‌സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ പാർടി സെക്രട്ടറി ഹർസെവ് ബെയ്‌ൻസിൽ നിന്ന് സമ്മേളന സ്വാഗതസംഘം ചെയർമാൻ  ബിനോജ് ജോണും കൺവീനർ രാജേഷ് കൃഷ്‌ണയും ചേർന്ന് ഏറ്റുവാങ്ങി. മുതിർന്ന പാർടി നേതാക്കളായ കാർമൽ മിറാൻഡ, മൊഹിന്ദർ സിദ്ധു, അവ്താർ ഉപ്പൽ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ചെറിയാൻ, ജനേഷ് നായർ, പ്രീത് ബെയ്‌ൻസ്‌ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പതാക ജാഥയായി മാർക്‌സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിച്ചു. ലെനിൻ തന്റെ പത്രമായ ഇസ്‌ക്ര (Spark)യുടെ 17 ലക്കങ്ങൾ പ്രസിദ്ധീകരിച്ചത്‌ ഈ കെട്ടിടത്തിൽ വെച്ചാണ്. സിപിഐ എം 23ാം പാർടി കോൺഗ്രസിനോടനുബന്ധിച്ച്‌ ഫെബ്രുവരി 5,6 തീയതികളിൽ ഹീത്രൂവിലാണ്  അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ് ദേശീയ സമ്മേളനം നടക്കുന്നത്. Read on deshabhimani.com

Related News