നവകേരളനിർമ്മിതിയ്ക്ക് പ്രവാസിസമൂഹം അണിചേരണം: എംവി ഗോവിന്ദൻ



ലണ്ടൻ> കേരളവികസനത്തിൽ പ്രവാസിസമൂഹത്തിന്റെ പങ്കു വളരെ വലുതാണെന്ന് സിപിഐ എം കേരള സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കേരളത്തിന്റെ വികസനത്തിനും നവകേരളനിർമ്മിതിയ്ക്കും യുകെയിലെ പ്രവാസിസമൂഹം തുടർന്നും  അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം യുകെ ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐസിയും ബഹുജന  കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA), കൈരളി യുകെ, പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷൻ, എസ്എഫ്ഐ സംഘടനകൾ ചേർന്നാണ് കേരള വികസനവും പ്രവാസി സമൂഹവും എന്ന വിഷയത്തിൽ സെമിനാറും പൊതു സമ്മേളനവും സംഘടിപ്പിച്ചത്. ചടങ്ങിൽ എഐസിയുടെ ഉപഹാരം പ്രീത്‌ ബെയിൻസ്‌ ഗോവിന്ദന് കൈമാറി. എസ്എഫ്ഐ യുകെ എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗം രഞ്ജിത്ത്‌ രാജൻ കോംപയറിങ്ങും, എഐസി എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗം ആഷിക്ക്‌ മുഹമ്മദ്‌ നാസർ പ്രഭാഷണത്തിന്റെ സംഗ്രഹവും അവതരിപ്പിച്ചു. വിവിധ വിഷയങ്ങൾ ആസ്പദമാക്കി പ്രവാസിസംഘടനകൾ നൽകിയ നിവേദനങ്ങൾ അദ്ദേഹം സ്വീകരിച്ചു. എഐസി സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌, ബ്രിട്ടീഷ് എംപി യും ലേബർ പാർട്ടി നേതാവുമായ വിരേന്ദർ ശർമ്മ,  IWA(GB) സെക്രട്ടറി ലിയോസ് പോൾ, കൈരളി സെക്രട്ടറി കുര്യൻ ജേക്കബ്, മലയാളം മിഷൻനെ പ്രതിനിധീകരിച്ചു മുരളി വെട്ടത്ത്, എസ്എഫ്ഐ യുകെ പ്രസിഡന്റ് ശ്വേത, പ്രവാസി കേരളാ കോൺഗ്രസ്സ്  നേതാവ് ജിജോ അരയത്ത് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കൈരളി പ്രസിഡന്റ്  പ്രിയ രാജൻ സ്വാഗതവും സുജ ജോസഫ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News