അബുദാബിയിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി അടക്കം രണ്ടുമരണം



അബുദാബി> ദാസ് ഐലന്‍ഡിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി അടക്കം രണ്ടുപേർ മരിച്ചു. ആലപ്പുഴ നൂറനാട് സന ഭവനിൽ ഷാനി ഇബ്രാഹിമാണ് (49) മരണപ്പെട്ടത്. ഷാനി ഓടിച്ച പിക്കപ്പ് വാഹനം അബുദാബി ദാസ് ഐലണ്ടിന് സമീപത്തെ പൈപ്പ് ലൈനിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഷാനിയെ കൂടാതെ ഒരു പാക്കിസ്ഥാൻ സ്വദേശിയും മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് പാക്കിസ്ഥാനികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഡെസ്‌കോണ് എഞ്ചിനീയറിങ്ങ് കമ്പനിയുടെ ഡ്രൈവറായി മൂന്നു മാസത്തെ ഷട്ട്ഡൗൺ ജോലിക്കായിട്ടാണ് ഒരു മാസം മുമ്പ് ഐലന്റിലേയ്ക്ക് ഷാനി പോയത്. പെർമിറ്റും മറ്റും തയ്യാറായി ഒരാഴ്ച മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്.യുഎഇ ഡിഫൻസിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന പരേതനായ ഇബ്രാഹിമിനും സബൂറയ്ക്കും ഒപ്പം കുടുംബമായി ഇവിടെ തന്നെയാണ് ഷാനി താമസിച്ചിരുന്നത്. മകൾ ഷഹനയുടെ വിവാഹത്തോടെ പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയിരുന്ന ഷാനി രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നരമാസം മുമ്പ് വീണ്ടും മടങ്ങി എത്തുകയായിരുന്നു. പോലീസിൽ നിന്നുള്ള രേഖകൾ ശരിയാക്കി ഇന്ന് (തിങ്കളാഴ്ച) രാത്രിയോടെ മൃതദേഹം നാട്ടിൽ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. സാമൂഹിക പ്രവർത്തകരായ അഷറഫ് താമരശ്ശേരി, ഷെഫീഖ്, ഷാനി ജോലി ചെയ്യുന്ന കമ്പനി അധികൃതർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. റജീനയാണ് ഷാനിയുടെ ഭാര്യ. മരുമകൻ ഹാഫിസ് ദുബൈയിൽ എൻജിനീയറായി ജോലി ചെയ്യുന്നു. Read on deshabhimani.com

Related News