ദൃശ്യവിരുന്നൊരുക്കി 'ശക്തി ഹ്രസ്വചലച്ചിത്രമേള'

ശക്തി ഹ്രസ്വചലച്ചിത്രോത്സവം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശിവകുമാർ കാങ്കോൽ ഉദ്ഘാടനം ചെയ്യുന്നു.


അബുദാബി> ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ശക്തി ഹ്രസ്വചലച്ചിത്രമേള' ചലച്ചിത്രപ്രേമികൾക്ക് അനുപമകാഴ്ചകളുടെ വിരുന്നായി മാറി.ചലച്ചിത്രമേള പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശിവകുമാർ കാങ്കോൽ ഉദ്ഘാടനം ചെയ്തു. യുഎഇയിൽ വെച്ച് നിർമ്മിച്ച 'റെക്കഗ്നിഷൻ' എന്ന ചിത്രത്തോട് കൂടി ആരംഭിച്ച മേളയിൽ അന്തരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ച ചിത്രങ്ങൾ ഉൾപ്പെടെ 13 സിനിമകളാണ് പ്രദർശിപ്പിച്ചത്. ഇഎംഐ (സംവിധാനം: നന്ദു എം. മോഹൻ), ഡോണ്ട് ജഡ്ജ് (റഹാം), ബ്ലാക്ക് (പ്രവീൺ പി. മണപ്പാട്ട്), ഭൂതാൻ (ഇടവേള റാഫി), മാഡത്തിന്റെ മീനു എന്റേം (അജിൻഷാ അൻവർഷ), ലക്ഷ്മി (അൻസാരി), എ പ്രെഷ്യസ് ഗിഫ്റ്റ് (ഹരീഷ്), ചാരനിറമാർന്ന കരച്ചിൽ (ടി. വി. ബാലകൃഷ്ണൻ), ദി സ്ട്രീറ്റ് പെയിന്റർ (രാജീവ് മുളക്കുഴ), കമലം (ഡോ. വി. സി. സുരേഷ്‌കുമാർ), പറയാതെ (കൃഷ്ണ പ്രിയദർശൻ), ടാക്കിങ്ങ് ദി ടോയ്‌സ് (ജിതിൻ രാജ്) എന്നിവയായിരുന്നു പ്രദർശിപ്പിച്ച മറ്റു ചിത്രങ്ങൾ. യുഎയിൽ യിൽ നിന്നും യുഎഇക്ക് പുറത്തുനിന്നും ലഭിച്ച 26 സിനിമകളിൽ നിന്നും സൂക്ഷ്മപരിശോധനയ്ക്ക് ശേഷം കണ്ടെത്തിയ സിനിമകളായിരുന്നു പ്രദർശനത്തിന് പരിഗണിച്ചത്. ശക്തി പ്രസിഡന്റ് ടി. കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ, സത്യൻ വർക്കല എന്നിവർ സംസാരിച്ചു. ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ സംവിധായകരെ ചടങ്ങിൽ ആദരിച്ചു. കായിക വിഭാഗം സെക്രട്ടറി അനുശോചന പ്രമേയം അവതരിപ്പിച്ചു.ശക്തി സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം സ്വാഗതവും അസി. സാഹിത്യവിഭാഗം സെക്രട്ടറി ബിജു തുണ്ടിയിൽ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News