സാംസ്കാരിക പ്രവർത്തനം സമൂഹ സൃഷ്ടിയുടെ കാതലാകണം: എ കെ ബാലൻ



ദുബായ്> ദുബായ്: സമൂഹ സൃഷ്ടിയുടെ കാതലാണ് സാംസ്കാരിക പ്രവർത്തനമെന്നും ഇതിനു വേണ്ടിയുള്ള നിസ്വാർത്ഥ സേവനമാണ് സാംസ്കാരിക പ്രവർത്തകർ നടത്തേണ്ടത് എന്നും മുൻമന്ത്രി എ കെ ബാലൻ. ഓർമ്മ യുഎഇ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനത്തിന്റേയും, ഭേദചിന്തകളുടേയും കൂടാരങ്ങളെ ചെറുത്തു തോൽപ്പിക്കുന്ന നന്മയുടെ പ്രഭാവലയങ്ങളാണ് മനുഷ്യനീതി സ്വപ്നം കാണുന്നവരുടെ ആവേശം. ജാതി, മത, വർഗ്ഗ, വർണ്ണ, ലിംഗ വ്യത്യാസങ്ങളെ അതിജീവിക്കുന്ന കരുത്തുകൊണ്ടാണ് നവലോകം പടുത്തുയർത്തേണ്ടത്. ഇതിനു വേണ്ടിയുള്ള ശില്പശാലകളായിരിക്കണം സാംസ്കാരിക സംഘടനകളെന്നും മാനവികതയുടെ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമാണ് അവ നിർവഹിക്കേണ്ടത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രവാസി മലയാളികൾക്ക് കരുതലും കരുത്തുമായി കേരളത്തിലെ  സർക്കാർ മുന്നോട്ടു പോകുകയാണ്. ഒട്ടേറെ ക്ഷേമ പദ്ധതികളും, സംരംഭക പ്രവർത്തനങ്ങളും, തൊഴിൽ സംരംഭങ്ങളും ആവിഷ്കരിച്ച് അവ സമയബന്ധിതമായി നടപ്പിലാക്കി സർക്കാരിന്റെ ഈ ലക്ഷ്യം പൂർത്തീകരിക്കുന്ന പ്രവർത്തനമാണ് നോർക്ക നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവാസികൾക്ക് ഏറെ സംതൃപ്തി നൽകുന്ന ഒരു സ്ഥാപനമായി നോർക്ക ഇന്ന് മാറിയിരിക്കുകയാണ്  എന്നും ചടങ്ങിൽ പങ്കെടുത്തു  സംസാരിച്ച നോർക്ക വൈസ് ചെയർമാനും, മുൻ നിയമസഭാ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ സൂചിപ്പിച്ചു. പൂക്കളം തീർത്തും, ഓണസദ്യ ഒരുക്കിയും, വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചും, പ്രവാസി മനസ്സുകളിൽ ഓണസൃതികൾ നിറച്ച് ഓർമ്മ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പ്ലാനിങ് ബോർഡ് അംഗം ഡോക്ടർ  പി കെ ജമീല, നോർക്ക ഡയറക്ടർ ഒ.വി മുസ്തഫ, ലോക കേരള സഭ അംഗം എൻ.കെ കുഞ്ഞഹമ്മദ്,  അനീഷ് മണ്ണാർക്കാട്, റിയാസ് കൂത്തുപറമ്പ്, അബ്ദുള്ള കൂത്തുപറമ്പ്, സുജിത സുബ്രു തുടങ്ങിയവരും പങ്കെടുത്തു.   Read on deshabhimani.com

Related News