യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി മൂന്ന്‌ വര്‍ഷമാക്കുന്നു



മനാമ > യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടില്‍ നിന്ന് മൂന്നു വര്‍ഷമാക്കാന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) അനുമതി. വര്‍ക്ക് പെര്‍മിറ്റ് നേടുന്നതുമായി ബന്ധപ്പെട്ട തൊഴിലുടമകളുടെ സാമ്പത്തിക ചെലവ് കുറക്കാന്‍ സാമ്പത്തിക, വ്യവസായിക കാര്യങ്ങള്‍ക്കുള്ള എഫ്എന്‍സി സമിതി ശുപാര്‍ശ ചെയ്‌തിരുന്നു. ഇതിനായി കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്താനായിരുന്നു നിര്‍ദ്ദേശം. പ്രൊബേഷന്‍ കാലയളവിനുശേഷം തൊഴിലാളികള്‍ അതേ തൊഴിലുടമക്ക് കീഴില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്‌തിരിക്കണം എന്ന ശുപാര്‍ശയും അംഗീകരിച്ചു. എന്നല്‍, തൊഴിലുടമ സമ്മതിച്ചാല്‍ ഈ നിബന്ധന ഒഴിവാക്കാം. ജോലി മാറ്റത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ രണ്ട് വര്‍ഷത്തേക്കാണ് യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് വര്‍ക്ക് പെര്‍മിറ്റ് (തൊഴില്‍ വിസ) നല്‍കുന്നത്. സാധുവായ പെര്‍മിറ്റ് ഇല്ലാതെ ഒരാള്‍ രാജ്യത്ത് ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. യുഎഇയുടെ പാര്‍ലമെന്ററി ബോഡിയായ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സിലാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി). ഇതില്‍ 40 അംഗങ്ങളുണ്ട്.   Read on deshabhimani.com

Related News