ഒമാനില്‍ 2.22 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു



  മനാമ > ഒമാനില്‍ ഈ വര്‍ഷം പൊതു, സ്വകാര്യ മേഖലകളിലായി 2,22,300 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ 10,700 പേര്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരായിരുന്നു. 1,81,200 വിദേശികള്‍ക്ക് സ്വകാര്യ മേഖലയിലും 30,400 പേര്‍ക്ക് കുടുംബമേഖലയിലും തൊഴില്‍ നഷ്ടപ്പെട്ടതായി ദേശീയ സ്റ്റാറ്റിക്‌സ് (എന്‍സിഎസ്‌ഐ) വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.   ഇതോടെ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ രാജ്യത്തെ  മൊത്തം പ്രവാസി തൊഴിലാളികളുടെ എണ്ണം 14.3 ശതമാനമായി കുറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ 19.9 ശതമാനവും സ്വകാര്യമേഖലയില്‍ 14.9 ശതമാനവും കുടുംബമേഖലയില്‍ 10.4 ശതമാനവും പ്രവാസികളുടെ കുറവാണ് രേഖപ്പെടുത്തിയത്.    എന്‍സിഎസ്‌ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പുറത്താക്കപ്പെട്ട തൊഴിലാളികളില്‍ കൂടുതലും ബംഗ്ലാദേശുകകാരാണ്. ഇന്ത്യക്കാരും പാകിസ്ഥാന്‍കാരുമാണ് തൊട്ടു പിന്നില്‍.    സ്വദേശിവല്‍ക്കരണ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതും കൊറോണവൈറസ് തൊഴില്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതുമാണ് ഇപ്പോഴത്തെ വന്‍തോതിലുള്ള പ്രവാസി തൊഴില്‍ നഷ്ടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ 11 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിച്ച് കഴിഞ്ഞ ജൂലായില്‍ മാനവ വിഭവ ശേഷി മന്ത്രാലയം ഉത്തരവിറക്കി. ഖനന മേഖലയിലും മത്സ്യ ബന്ധന മേഖലയിലും അടുത്ത നാലു വര്‍ഷത്തെ സ്വദേശിവല്‍ക്കരണ തോത് ജൂണ്‍ 28ന് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഖനന മേഖലയില്‍ ഉയര്‍ന്ന തസ്തികകളല്‍ 52 ശതമാനവും മത്സ്യ ബന്ധന മേഖലയില്‍ 50 ശതമാനവും സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യം.    ആരോഗ്യ മേഖലയിലും സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതം. ഈ മേഖലയില്‍ പത്ത് സാങ്കേതിക തസ്തികകളില്‍ പ്രവാസികളെ നിയമിക്കരുതെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ശൂറാ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു.    വിവര സാങ്കേതിക രംഗം, സാമ്പത്തിക രംഗം, മാര്‍ക്കറ്റിംഗ് & സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്,  മാധ്യമ മേഖല, ആരോഗ്യം, വിമാനത്താവളം, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍ എന്നി മേഖലകളില്‍ വരുന്ന 87 തസ്തികളിലേക്ക് പ്രവാസികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം കഴിഞ്ഞ ജൂലായ് 28ന് ആറുമാസം കൂടി നീട്ടി.   അതിനിടെ, സ്വകാര്യ മേഖലയില്‍ ഒമാന്‍ സ്വദേശികള്‍ക്ക് ഏറ്റവും കുറഞ്ഞ വേതനം 325 ഒമാന്‍ റിയാലായി സര്‍ക്കാര്‍ നിജപ്പെടുത്തി.      Read on deshabhimani.com

Related News