ഒമാനില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നു; 11 തൊഴിലുകള്‍ വിദേശികള്‍ക്കില്ല



  മനാമ: ഒമാനില്‍ സ്വകാര്യ മേഖലയിലെ 11 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിച്ച് മാനവ വിഭവ ശേഷി മന്ത്രാലയം ഉത്തരവിറക്കി. ഈ മേഖലകളില്‍ ഒമാന്‍ സ്വദേശികള്‍ക്ക് മാത്രമാണ് ഇനി ജോലി ചെയ്യാനനുവദിക്കുക.    ഇന്റേണല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സോഷ്യോളജി സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ സര്‍വീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്, സൈക്കോളജിസ്റ്റ് / സോഷ്യല്‍ സ്‌പെഷ്യലിസ്റ്റ്, ജനറല്‍ സോഷ്യല്‍ വര്‍ക്കര്‍, സ്റ്റുഡന്റ് ആക്റ്റിവിറ്റി സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച് ടെക്‌നീഷ്യന്‍, സോഷ്യല്‍ സര്‍വീസ് ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് സോഷ്യല്‍ സര്‍വീസ് ടെക്‌നീഷ്യന്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികളാണ് സ്വദേശിവല്‍ക്കരിച്ചത്. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് കാലാവധി തീരുന്നത് വരെ തുടരാം. തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ല.    സ്വദേശിവല്‍ക്കരണം (ഒമാനൈസേഷന്‍) കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഖനന മേഖലയിലും മത്സ്യ ബന്ധന മേഖലയിലും അടുത്ത നാലു വര്‍ഷത്തെ സ്വദേശിവല്‍ക്കരണ തോത് ജൂണ്‍ 28ന് പ്രഖ്യാപിച്ചിരുന്നു. ഖനന മേഖലയില്‍ ഉയര്‍ന്ന തസ്തികകളല്‍ ഈ വര്‍ഷം 52 ശതമാനവും 2024ല്‍ 60 ശതമാനവും സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. പ്രെഫഷണല്‍ വര്‍ക്കര്‍ മേഖലയില്‍ ഇത് 35 ശതമാനമാണ്. ഈ മേഖലയില്‍ സ്വദേശി അനുപാതം 2024ല്‍ 35 ശതമാനമായി ഉയര്‍ത്തലും ഉന്നമിടുന്നു.   മത്സ്യ ബന്ധന മേഖലയില്‍ പ്രധാന തസ്തികകളില്‍ ഈ വര്‍ഷം 50 ശതമാനവും 2024ല്‍ 70 ശതമാനവും സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യം. ഈ മേഖലയില്‍ മൊത്തമായി 2024ല്‍ 55 ശതമാനം സ്വദേശികളായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.   ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ഏറെ മുന്നിലാണ്. കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍മാരില്‍ സ്വദേശിവല്‍ക്കരണം കഴിഞ്ഞ വര്‍ഷം 72 ശതമാനമായി ഉയര്‍ന്നു. ആകെ ഡോക്ടര്‍മാരില്‍ ഇത് 39 ശതമാനം. നഴ്‌സിംഗ്, മെഡിക്കല്‍ ലബോറട്ടറി ജോലികളില്‍ 65 ശതമാനവും ഫാര്‍മസിസ്റ്റ് മേഖലയില്‍ 94 ശതമാനവും അനുബന്ധ മെഡിക്കല്‍ ജോലികളില്‍ 74 ശതമാനവും സ്വദേശിവല്‍ക്കവരണം പൂര്‍ത്തീകരിച്ചു.     സ്വദേശിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി, പത്ത് സാങ്കേതിക തസ്തികകളില്‍ പ്രവാസികളെ നിയമിക്കരുതെന്ന് കഴിഞ്ഞ ബ്രുവരിയില്‍ ശൂറാ കൗണ്‍സില്‍ സമ്മേളനം നിര്‍ദേശിച്ചിരുന്നു. ലബോറട്ടറി ടെക്‌നീഷ്യന്‍, മെഡിക്കല്‍ പ്രൊഫഷണല്‍ സഹായി, ഫിസിയോതെറാപ്പിസ്റ്റ് ടെക്‌നീഷ്യന്‍, നഴ്‌സ്, ഫാര്‍മസി തൊഴില്‍, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ് / ഫാര്‍മസിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍ / ആരോഗ്യ നിരീക്ഷകന്‍ എന്നീ മേഖലകളില്‍ സ്വദേശികളെ മാത്രം നിയമിക്കണമെന്നായിരുന്നു നിര്‍ദേശം.   Read on deshabhimani.com

Related News