സൗദിയില്‍ അധ്യാപകരെ ആക്രമിച്ചാല്‍ 10 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും



മനാമ> സൗദിയില്‍ അധ്യാപകനെയോ ജീവനക്കാരനെയോ ശാരീരികമായി ആക്രമിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവോ 10 ലക്ഷം റിയാല്‍ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. അധ്യാപകരെ അസഭ്യം പറയുന്നതും നിയമത്തിന്റെ പരിധിയില്‍ വരും. രാജ്യത്ത് അധ്യാപകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങളെ തുടര്‍ന്നാണ് നിയമം നിലവില്‍ വന്നത്. കഴിഞ്ഞ വര്‍ഷം, ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി തെരുവില്‍ പട്ടാപ്പകല്‍ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ചു. മറ്റൊരു വിദ്യാര്‍ഥി മോശപ്പെട്ട സംഭവം ചിത്രീകരിക്കുന്നത് അധ്യാപകന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. അധ്യാപകനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു. 2018-ല്‍, തായിഫിലെ സ്‌കൂളില്‍ ഹാജര്‍ രേഖപ്പെടുത്തുന്നതിനിടെ അധ്യാപികയെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥി തന്റെ അധ്യാപകനെ കല്ലുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ദഹ്‌റാനിലും സമാനമായ അന്തരീക്ഷം അരങ്ങേറിയിരുന്നു. Read on deshabhimani.com

Related News