ഹാഥ്‌രസ് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; നീതിക്കായിരിക്കണം മുന്‍ഗണനയെന്ന് യെച്ചൂരി



ലഖ്‌നൗ > ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പെണ്‍കുട്ടിയുടെ കുടുംബത്തോട് ഏത് സഹായവും ആവശ്യപ്പെട്ടപ്പോളാന്‍ പറഞ്ഞുവെന്നും നീതിക്കായി ഒരുമിച്ച് പോരാടുമെന്നും യെച്ചൂരി പറഞ്ഞു. ഹാഥ്‌രാസിലെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 21-ാം നൂറ്റാണ്ടില്‍ കേട്ടുകേള്‍വിയില്ലാത്തവിധം ക്രൂരതയാണ് നടന്നതെന്ന് യെച്ചൂരി പറഞ്ഞു. ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ഉറപ്പുകളും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തോട് അനുകമ്പ പ്രകടിപ്പിക്കാന്‍ മാത്രമല്ല, നീതിക്കുവേണ്ടി പോരാടുമെന്ന് ഉറപ്പ് നല്‍കാനുമാണ് എത്തിയത്. വിഷയത്തെ വഴിതിരിച്ചുവിടാനാണ് യുപി സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ പ്രതികളെ എത്രയുംവേഗം പിടികൂടി ശിക്ഷിക്കണം. അന്വേഷണത്തില്‍ കാലതാമസമോ അവഗണനയോ ഉണ്ടാകരുത്. നീതിക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരിക്കൊപ്പം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും ഹാഥ്‌രസില്‍ എത്തിയിരുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഹിരാലാല്‍ യാദവ്, സിപിഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടായിരുന്നു.   Read on deshabhimani.com

Related News