സവർക്കറുടെ മാപ്പിരക്കല്‍: രാജ്‌നാഥിന്റേത്‌ ചരിത്രനിഷേധമെന്ന്‌ യെച്ചൂരി



ന്യൂഡൽഹി > ഹിന്ദുത്വ രാഷ്ട്രീയപദ്ധതിയുടെ ഉപജ്ഞാതാവായ വി ഡി സവർക്കർ ജയില്‍മോചനത്തിനായി ബ്രിട്ടീഷുകാരോട് തുടര്‍ച്ചയായി മാപ്പിരന്നത് ഗാന്ധിജിയുടെ നിർദേശപ്രകാരമാണെന്ന രാജ്‌നാഥിന്റെ വാദം കല്ലുവച്ച നുണ. ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാ​ഗമായത് 1915ലാണെന്നും സവർക്കർ മാപ്പിരക്കല്‍ നടത്തിയത് 1911ലും 1913ലുമാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. സാമാന്യയുക്തിക്ക്‌ നിരക്കാത്ത വിധം ചരിത്രം തിരുത്തുകയാണ്‌. ആർഎസ്‌എസ്‌ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടില്ല; പലപ്പോഴും ബ്രിട്ടീഷുകാരുമായി സഹകരിച്ചുവെന്നതാണ്‌ വാസ്‌തവം–-യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു. ഗാന്ധിജിയെ ബ്രിട്ടീഷുകാർ 11 തവണ ജയിലിൽ അടച്ചിട്ടും അദ്ദേഹം ഒരിക്കൽപോലും മാപ്പപേക്ഷിച്ചിട്ടില്ലെന്ന് സിപിഐ എം ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിൽ പ്രതികരിച്ചു. രാജ്‌നാഥിന്റെ അവകാശവാദം ലജ്ജാകരമായ നുണയാണ്‌. ആർഎസ്‌എസ്‌ നേതാക്കൾ ബ്രിട്ടീഷുകാരോട്‌ മാപ്പ്‌ ചോദിച്ചിട്ടുണ്ടെന്നത്‌ പൊതുവെ അറിയാവുന്ന സത്യമാണ്‌. കേന്ദ്രമന്ത്രി നുണ പടച്ചുവിടുന്നത്‌ എന്തിനാണ്‌? സവർക്കറുടെ കുത്സിതപ്രവൃത്തികളെയും  അദ്ദേഹം സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചതിനെയും വെള്ളപൂശാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌–-സിപിഐ എം ചൂണ്ടിക്കാട്ടി. സവർക്കർ തികഞ്ഞ രാജ്യസ്‌നേഹിയായിരുന്നെന്നും മാർക്‌സിസ്‌റ്റ്‌–-ലെനിനിസ്‌റ്റ്‌ ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്‌ അദ്ദേഹത്തെ ഫാസിസ്‌റ്റായി മുദ്രകുത്തുന്നതെന്നും സവർക്കറെക്കുറിച്ചുള്ള പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങില്‍ രാജ് നാഥ് സിങ്ങ് പറഞ്ഞു. സംഘപരിവാർ നേതാക്കൾക്ക്‌ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അനർഹമായ ഇടം നൽകാനുള്ള സംഘപരിവാര്‍ ശ്രമമാണ് കേന്ദ്രമന്ത്രിയിലൂടെ പുറത്തുവന്നത്. രാഷ്ട്രപിതാവിനെ അം​ഗീകരിക്കില്ലെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി അം​ഗീകരിക്കുന്നില്ലെന്ന് വി ഡി സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഇന്ത്യ പോലൊരു രാജ്യത്ത് ഒറ്റ രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. വിസ്മരിക്കപ്പെട്ട ആയിരങ്ങളുണ്ടെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സവര്‍ക്കറുടെ കൊച്ചുമകന്റെ ​ഗാന്ധിനിന്ദ. Read on deshabhimani.com

Related News