ഗുസ്തി താരങ്ങളുമായി വീണ്ടും ചർച്ച ; അമിത് ഷാക്ക് പിറകെ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍



ന്യൂഡല്‍ഹി >  ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി വീണ്ടും ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ചർച്ചയ്ക്ക് ക്ഷണിച്ചത്.  ​ഗുസ്തി താരങ്ങളുമായി ചർച്ചയ്ക്ക് തയാറാണെന്നും അതിനായി താരങ്ങളെ ക്ഷണിക്കുന്നുവെന്നുമായിരുന്നു മന്ത്രിയുടെ ട്വീറ്റ്. നാല് ദിവസം മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ​ഗുസ്തി താരങ്ങളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും പ്രതീക്ഷിച്ച പ്രതികരണം അമിത് ഷായിൽ നിന്നും ഉണ്ടായില്ലെന്നുമാണ് ചർച്ചയ്ക്ക് ശേഷം താരങ്ങൾ പ്രതികരിച്ചത്. തുടർന്നാണ് കായിക മന്ത്രി താരങ്ങളെ ചർച്ചയ്ക്ക് വിളിച്ചത്. നിലവിൽ ചർച്ച പുരോ​ഗമിക്കുകയാണ്. ​ഗുസ്തി താരം ബജ്റം​ഗ് പൂനിയ, സാക്ഷി മാലിക് എന്നിവരുമായാണ് മന്ത്രി ചർച്ച നടത്തുന്നത്. മന്ത്രിയുടെ വസതിയിലാണ് ചർച്ച നടക്കുന്നത്. ലൈം​ഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് താരങ്ങൾ നാളുകളായി സമരം ചെയ്യുന്നത്. പോക്സോ അടക്കം ചുമത്തി കേസെടുത്തെങ്കിലും ബ്രിജ് ഭൂഷണെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് താരങ്ങളുടെ നിലപാട്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കര്‍ഷക സംഘടനകളും രം​ഗത്തുണ്ട്.   സാക്ഷി മാലിക് അടക്കമുള്ളവർ ജോലിയിൽ തിരികെ പ്രവേശിച്ചതോടെ താരങ്ങൾ സമരത്തിൽ നിന്നും പിൻമാറിയെന്ന തരത്തിലുള്ള വാർത്തകൾ ശക്തമായിരുന്നു. എന്നാൽ സമരത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചരണം മാത്രമാണിതെന്നും സമരം തുടരുമെന്നുമായിരുന്നു താരങ്ങൾ വ്യക്തമാക്കിയത്.   Read on deshabhimani.com

Related News