2022ലും കോവിഡിനെ പിടിച്ചുകെട്ടാനാകില്ല ; ലോകാരോ​ഗ്യസംഘടനയുടെ മുന്നറിയിപ്പ്

image credit who / twitter


ജനീവ ദരിദ്രരാജ്യങ്ങള്‍ക്ക് എത്രയും വേ​ഗം വാക്സിന്‍ ലഭ്യത ഉറപ്പുവരുത്തിയില്ലെങ്കില്‍ വരും വര്‍ഷത്തിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമെന്ന് ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മിക്ക ഭൂഖണ്ഡങ്ങളിലും 40 ശതമാനത്തിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചെങ്കിലും ആഫ്രിക്കയില്‍ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് കുത്തിവയ്പ് എടുത്തത്. ആഗോള ജനസംഖ്യയുടെ 70 ശതമാനത്തിന് ആവശ്യമായ ‌വാക്സിൻ 2021ല്‍ നിർമിക്കപ്പെട്ടു. എന്നാൽ, നല്ലൊരുപങ്കും സമ്പന്ന രാജ്യങ്ങള്‍ സ്വന്തമാക്കി. ആഫ്രിക്കയ്ക്ക് ലഭിച്ചത് ആ​ഗോളതലത്തില്‍ വിതരണം ചെയ്ത വാക്സിന്റെ 2.6 ശതമാനം ഡോസ് മാത്രമെന്നും  ഡബ്ല്യുഎച്ച്ഒ വിദഗ്ധന്‍ ഡോ. ബ്രൂസ് അയ്ൽവാർഡ് ബിബിസിയോട് പറഞ്ഞു. എല്ലാ രാജ്യത്തിനും വാക്സിന്‍ ഉറപ്പാക്കാനാണ് ലോകാരോഗ്യ സംഘടന ‘കോവാക്സ്’ പദ്ധതി ആരംഭിച്ചത്. എന്നാല്‍, മിക്ക സമ്പന്നരാജ്യവും വാക്സിന്‍ നിര്‍മാതാക്കളുമായി സ്വന്തമായി കരാറുണ്ടാക്കി പരമാവധി സംഭരിച്ചു. രാജ്യത്തിനുള്ളിലെ ഉപയോഗത്തിനുവേണ്ടി  കയറ്റുമതി  നിയന്ത്രിച്ചു.രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ചിലരാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കിതുടങ്ങി.  ഇത് കോവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളുടെ വേ​ഗത കുറയ്‌ക്കും. നിലവിലെ സ്ഥിതിഗതി നിയന്ത്രണവിധേയമല്ലെന്നും ഈ നില തുടര്‍ന്നാല്‍ വരും വര്‍ഷത്തിലും പ്രതിസന്ധി നീണ്ടുപോകുമെന്നും അയ്ല്‍വാര്‍ഡ് പറഞ്ഞു. സമ്പന്നരാജ്യങ്ങളും വാക്സിന്‍നിര്‍മാണ കമ്പനികളും ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ ഉറപ്പാക്കുന്നതിന് മുൻഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News