സ്വന്തം റിസോർട്ടിലെ റിസപ്‌ഷനിസ്‌റ്റിനെ കനാലിൽ എറിഞ്ഞ്‌ കൊന്നു; ബിജെപി നേതാവിന്റെ മകൻ അറസ്‌റ്റിൽ

പുൽകിത്‌ ആര്യ, അങ്കിത ഭണ്ഡാരി


ഡെറാഡൂൺ > ഉത്തരാഖണ്ഡിൽ സ്വന്തം റിസോർട്ടിലെ റിസപ്‌ഷനിസ്‌റ്റിനെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവിന്റെ മകൻ അറസ്‌റ്റിൽ. ബിജെപി നേതാവും മുൻമന്ത്രിയുമായ വിനോദ്‌ ആര്യയുടെ മകൻ പുൽകിത്‌ ആര്യയാണ്‌ അറസ്‌റ്റിലായത്‌. ശ്രികോത്‌ ഗ്രാമത്തിൽനിന്നുള്ള അങ്കിത ഭണ്ഡാരി (17) യാണ്‌ കൊലചെയ്യപ്പെട്ടത്‌. റിസോർട്ടിലെത്തിയവരുമായി യുവതി ലൈംഗിക ബന്ധത്തിന്‌ വഴങ്ങാതിരുന്നതാണ്‌ കൊലയ്‌ക്ക്‌ കാരണമെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. പുൽകിതിന്റെ റിസോർട്ട്‌ രാത്രി സർക്കാർ ഇടിച്ചുനിരത്തി. അഞ്ച്‌ ദിസവം മുമ്പാണ്‌ അങ്കിതയെ കാണാതായത്‌. വാക്കുതർക്കത്തിനിടെ അങ്കിതയെ കനാലിലേക്ക്‌ തള്ളിയിടുകയായിരുന്നുവെന്ന്‌ പ്രതികൾ കുറ്റസമ്മതം നടത്തി. ഒരുമാസം മുമ്പാണ്‌ യുവതി റിസോർട്ടിൽ ജോലിക്കെത്തിയത്‌. മഹിളാ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ്‌ പൊലീസ്‌ പ്രതികളെ പിടികൂടിയത്‌. ആകെ മൂന്നുപേരാണ്‌ കേസിൽ അറസ്‌റ്റിലായത്‌. റിസോർട്ട്‌ മാനേജർ സൗരഭ്‌ ഭാസ്‌കർ, അങ്കിത്‌ എന്നിവരാണ്‌ അറസ്‌റ്റിലായ മറ്റുള്ളവർ. നിർഭാഗ്യകരമായ സംഭവമാണ്‌ ഉണ്ടായതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമി പറഞ്ഞു. ലക്ഷ്‌മണ്‍ ജ്വാല ഭാഗത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ജോലി ചെയ്‌ത് വരികയായിരുന്ന അങ്കിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 18-നാണ് കുടുംബം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ സെപ്റ്റംബര്‍ 21- ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവില്‍ പോവുകയായിരുന്നു. Read on deshabhimani.com

Related News