യുകെ പരാമർശം: പാർലമെന്ററി സമിതിയിൽ ; വിശദീകരിച്ച്‌ രാഹുൽ ഗാന്ധി



ന്യൂഡൽഹി ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച്‌ യുകെയിൽ നടത്തിയ പരാമർശങ്ങളെപ്പറ്റി പാർലമെന്റിന്റെ വിദേശകാര്യ കൺസൾട്ടേറ്റീവ്‌ കമ്മിറ്റി യോഗത്തിൽ വിശദീകരിച്ച്‌ രാഹുൽ ഗാന്ധി. ഏതെങ്കിലും വിദേശരാജ്യത്തോട്‌ വിഷയത്തിൽ ഇടപെടണമെന്ന്‌ താൻ ആവശ്യപ്പെട്ടതായ വ്യാഖ്യാനങ്ങൾ അടിസ്ഥാനരഹിതമാണ്‌. ഇതിന്റെ പേരിൽ തന്നെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാനാകില്ല. ഇതൊരു ആഭ്യന്തരപ്രശ്‌നമാണെന്ന്‌ തനിക്കറിയാം. ആഭ്യന്തരമായിത്തന്നെ പരിഹരിക്കും–- രാഹുൽ പറഞ്ഞു. യുകെയിലെ പരാമർശങ്ങളുടെ പേരിൽ രാഹുൽ മാപ്പുപറയണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി തുടർച്ചയായി പാർലമെന്റ്‌ സ്‌തംഭിപ്പിക്കുന്നതിനിടെയാണ്‌ പാർലമെന്ററി സമിതിയിലെ വിശദീകരണം. ജി–-20 ഉച്ചകോടി ചർച്ച ചെയ്യാൻ ചേർന്ന വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ പങ്കെടുത്ത യോഗത്തിലായിരുന്നു വിശദീകരണം. ചർച്ചയ്‌ക്കിടെ ഒരു ബിജെപി എംപിയാണ്‌ രാഹുലിന്റെ യുകെ പരാമർശങ്ങൾ ശരിയോ എന്ന ചോദ്യമുയർത്തിയത്‌. എന്നാൽ, രാഹുലിന്റെ മറുപടി ബിജെപി തടസ്സപ്പെടുത്തി. പ്രതിപക്ഷാംഗങ്ങളിൽ പലരും രാഹുലിനെ പിന്തുണച്ച്‌ സംസാരിച്ചു. Read on deshabhimani.com

Related News