ഗാന്ധിവധം: മികച്ച തോക്ക്‌ കണ്ടെത്താൻ 
ഗോഡ്‌സെയെ സവർക്കർ സഹായിച്ചു – തുഷാർ ഗാന്ധി



മുംബൈ മഹാത്മാ ഗാന്ധിയെ വധിക്കാൻ മികച്ച തോക്ക്‌ കണ്ടെത്താൻ ഗോഡ്‌സെയെ വി ഡി സവർക്കർ സഹായിച്ചെന്ന്‌ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. ‘സവർക്കർ ബ്രിട്ടീഷുകാരെ മാത്രമല്ല, ബാപ്പുവിനെ കൊല്ലാനുള്ള മികച്ച തോക്ക്‌ കണ്ടെത്താൻ നാഥുറാം ഗോഡ്‌സെയെയും സഹായിച്ചു. ഗാന്ധിജിയെ വധിക്കുന്നതിന്‌ രണ്ടു ദിവസംമുമ്പുവരെ ഗോഡ്‌സെയുടെ പക്കൽ നല്ല ആയുധമില്ലായിരുന്നു’–- തുഷാർ ട്വിറ്ററിൽ പറഞ്ഞു. ‘1930-കളിൽ ബാപ്പുവിനുനേരെ നിരവധി വധശ്രമങ്ങൾ നടന്നു. വിദർഭയിലെ അകോലയിൽവച്ച് ബാപ്പുവിനെ കൊല്ലാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഒപ്പമുള്ളവർക്ക്‌ പ്രബോധങ്കർ താക്കറെ മുന്നറിയിപ്പ് നൽകിയതിനാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു. ഗാന്ധിജിയെ വധിക്കാനുള്ള ശ്രമങ്ങളിൽനിന്ന്‌ പിന്മാറണമെന്ന്‌ സനാതനി ഹിന്ദു സംഘടനകളോടും സവർക്കറും ഹെഡ്‌ഗെവാറും ഉൾപ്പെടെയുള്ള നേതൃത്വത്തോടും പ്രബോധങ്കർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു’–- തുഷാർ ഗാന്ധി പറഞ്ഞു. ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ അച്ഛനും ഉദ്ധവ്‌ താക്കറെയുടെ മുത്തച്ഛനുമാണ്‌ പ്രബോധങ്കർ. പ്രബോധങ്കറുടെ ചരിത്രം ഉദ്ധവ്‌ മറക്കരുതെന്നും തുഷാർ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വിമർശത്തിനുപിന്നാലെ സവർക്കറിനെ പിന്തുണച്ച്‌ ശിവസേന രംഗത്തെത്തിയിരുന്നു. Read on deshabhimani.com

Related News