VIDEO - ത്രിപുരയിൽ ബിജെപി മന്ത്രിമാരും എംഎൽഎമാരും തമ്മിൽ അടി; നോക്കിനിന്ന്‌ ദേശീയനേതാക്കൾ



അ​ഗർത്തല/കൊൽക്കത്ത നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസംമാത്രം ശേഷിക്കെ, ത്രിപുര ബിജെപിയില്‍ തമ്മിലടി പൊട്ടിത്തെറിയുടെ വക്കിലെത്തിയതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്‌ ബിപ്ലവ്‌ ദേബ് തെറിച്ചു. അമിത് ഷായുടെ നിർദേശത്തെത്തുടര്‍ന്ന് ദേബ് രാജിവച്ചു. പുതിയ മുഖ്യമന്ത്രിയായി രാജ്യസഭാംഗവും ബിജെപി സംസ്ഥാന പ്രസിഡന്റും മുന്‍കോണ്‍​ഗ്രസ് നേതാവുമായ മണിക് സാഹയെ പ്രഖ്യാപിച്ചു.  പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോ​ഗത്തില്‍ ഗ്രൂപ്പുതിരിഞ്ഞ് മന്ത്രിമാരും എംഎൽഎമാരും ഏറ്റുമുട്ടി. വാക്കേറ്റം കൈയേറ്റത്തിലുമെത്തി. ഇതോടെ  സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ ഒഴിവാക്കി. മുതിര്‍ന്ന നേതാവും മന്ത്രിയുമായ രാംപ്രസാദ് പാല്‍ കസേര വലിച്ചെറിഞ്ഞ് ബഹളമുണ്ടാക്കുന്ന ദൃശ്യം പുറത്തുവന്നു. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെയും ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെയും സാന്നിധ്യത്തിലാണ് നേതാക്കള്‍ ഏറ്റുമുട്ടിയത്. മുന്‍​കോണ്‍​ഗ്രസ് നേതാവിനെ മുഖ്യമന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നിരവധി മുതിര്‍ന്നനേതാക്കളും പരസ്യമായി രം​ഗത്തെത്തി. എംഎൽഎമാരെ വിശ്വാസത്തിലെടുത്തില്ലെന്നും സഭാനേതാവിനെ നിശ്ചയിച്ചത് അവരോട് ആലോചിച്ചല്ലെന്നും രാംപ്രസാദ് പാലും സുബ്രത ചക്രവർത്തി എംഎല്‍എയും മാധ്യമങ്ങളോടു പറഞ്ഞു. ബിജെപി സഖ്യകക്ഷിയായ ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട്  ഓഫ് ത്രിപുര (ഐപിഎഫ്ടി) നേതാവും ഉപമുഖ്യമന്ത്രിയുമായ  വിഷ്ണുകുമാർ ദേബ് ബർമനും ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തി. കൂട്ടുഭരണത്തിന് യോജിച്ച രീതിയിലല്ല ബിജെപി പ്രവർത്തിക്കുന്നതെന്നും  ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലെ വിമതവിഭാഗം വിഷ്ണുദേബിന്റെ വസതിയിൽ യോഗം ചേർന്നു. സര്‍ക്കാരിനെതിരായ ജനരോഷം തണുപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രനേതൃ‍ത്വത്തിന്റെ നീക്കം ബിജെപിയില്‍ കനത്ത അന്തഃഛിദ്രത്തിനാണ് വഴിവച്ചത്. വലിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്ന ബിജെപിക്ക് അവയിലൊന്നുപോലും  നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും ജനരോഷത്തിൽനിന്നു രക്ഷപ്പെടാനുള്ള അടവാണ് നേതൃമാറ്റമെന്ന്  സിപിഐ എം സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു. മണിക് സാഹ രാത്രി രാജഭവനിലെത്തി ഗവർണറെ സന്ദർശിച്ച് പുതിയ മന്ത്രിസഭയുണ്ടാക്കാനുള്ള അനുമതി നേടി.  പുതിയ മന്ത്രിസഭ  ചൊവ്വാഴ്ച അധികാരമേൽക്കും. ത്രിപുരയിലെ പ്രമുഖ കോണ്‍​ഗ്രസ് നേതാവായിരുന്ന സാഹ 2016ലാണ് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞമാസമാണ് രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. Read on deshabhimani.com

Related News