ത്രിപുര: വോട്ടെടുപ്പ്‌ റദ്ദാക്കണം : സിപിഐ എം



ന്യൂഡൽഹി ബലപ്രയോഗവും ഭീഷണിയും ബൂത്തുപിടിത്തവും വഴി ത്രിപുര നഗരസഭാ തെരഞ്ഞെടുപ്പ് ബിജെപി പൂർണ പ്രഹസനമാക്കി മാറ്റിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. സുപ്രീംകോടതി നൽകിയ എല്ലാ മാർഗനിർദേശവും ബിജെപി സർക്കാർ ലംഘിച്ചു.അഗർത്തലയിലെയും ധർമനഗർ, ഖോവായ്‌, ബെലോനിയ, മേലാഗഢ്‌ മുനിസിപ്പാലിറ്റികളിലേയും വോട്ടെടുപ്പ്‌ റദ്ദാക്കണം. അഗർത്തല കോർപറേഷനിലേക്കും 19 മുനിസിപ്പാലിറ്റിയിലേക്കും നടന്ന വോട്ടെടുപ്പിനു മുന്നോടിയായി ബിജെപി സംഘങ്ങൾ സിപിഐ എം സ്ഥാനാർഥികളുടെയും പോളിങ്‌ ഏജന്റുമാരുടെയും പ്രാദേശിക നേതാക്കളുടെയും വീടുകളിൽ ഭീഷണിയുമായെത്തി. പോളിങ്‌ നാളിൽ പുറത്തിറങ്ങിയാൽ ആക്രമണം നേരിടേണ്ടിവരുമെന്നും വീട്ടില്‍ കഴിയാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി.അഗർത്തല, ധർമനഗർ, ഖോവായ്‌, ബെലോനിയ, മേലാഗഢ്‌ എന്നിവിടങ്ങളിൽ ബിജെപി ഗുണ്ടകൾ വൻതോതിൽ ബൂത്ത്‌ പിടിച്ചു. അഗർത്തലയില്‍ ഇടതുമുന്നണിയുടെ ഏജന്റുമാരെ മർദിച്ചു. ഏഴ്‌ മുനിസിപ്പാലിറ്റിയിൽ പ്രതിപക്ഷസ്ഥാനാർഥികളെ പത്രിക നൽകാൻ അനുവദിച്ചില്ല.നീതിപൂർവമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കേന്ദ്ര പൊലീസിനെ വിന്യസിക്കണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചിച്ചെങ്കിലും തെരഞ്ഞെടുപ്പ്‌ സംവിധാനത്തിനും ജനാധിപത്യത്തിനും നേരെ ലജ്ജാകരമായ ആക്രമണമാണുണ്ടായത്‌. സംസ്ഥാന, കേന്ദ്ര പൊലീസുകൾ മൂകസാക്ഷികളായി.ജനാധിപത്യവും വോട്ടർമാരുടെ അവകാശവും ഉറപ്പാക്കാൻ സുപ്രീംകോടതി വേണ്ട നടപടി സ്വീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News