ത്രിപുര ബിജെപി ആക്രമണം: അക്രമികളുടെ അറസ്‌റ്റിന്‌ ഉത്തരവിടണമെന്ന്‌ ഗവർണറോട്‌ പാർലമെന്ററി സംഘം



ന്യൂഡൽഹി> ത്രിപുരയിലെ ബിജെപിയുടെ ഏകപക്ഷീയ അക്രമങ്ങളിൽ നടപടിയാവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭ കക്ഷി നേതാവ്‌ എളമരം കരീമിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സംഘം ഗവർണർ സത്യദേവ് നരേൻ ആര്യയെ രാജ്‌ഭവനിൽ സന്ദർശിച്ചു. വെള്ളിയാഴ്‌ച  കൂടിക്കാഴ്‌ചയ്‌ക്ക്‌ സമയം ചോദിച്ചിരുന്നുവെങ്കിലും  അനുകൂല പ്രതികരണമുണ്ടാകാതിരുന്നതോടെ രാജ്‌ഭവൻെ പടിക്കല്‍ സമരം നടത്തേണ്ടി വരുമെന്ന  മുന്നറിയിപ്പിനെ തുടർന്ന്‌ ഗവർണർ വഴങ്ങുകയായിരുന്നു. ക്രമസമാധാനവും നിയവാഴ്‌ചയും  പുന:സ്ഥാപിക്കാൻ ഭരണസംവിധാനങ്ങളെ കാര്യക്ഷമമായി ചലിപ്പിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും പ്രതിപക്ഷപ്രവർത്തകർക്ക്‌ നേരെ നിന്ദ്യമായ ആക്രമണം അഴിച്ചുവിട്ട ബിജെപി അക്രമികളെ അറസ്‌റ്റ്‌ ചെയ്യാൻ പൊലീസിന്‌ ഉത്തരവ്‌ നൽകണമെന്നും എംപിമാർ ആവശ്യപ്പെട്ടു. ഇതടക്കമുള്ള ആവശ്യങ്ങൾ മുൻനിർത്തി നിവേദവും സമർപ്പിച്ചു. പ്രതിപക്ഷ പ്രവർത്തകർ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഓട്ടോറിക്ഷ, ഇ–-റിക്ഷ തുടങ്ങിയവ  റോഡിലിറക്കാൻ ഉടൻ സാഹചര്യമൊരുക്കണമെന്നും , അക്രമങ്ങളിൽ നാശനഷ്‌ടം സംഭവിച്ച ഇരകൾക്ക്‌ പര്യാപ്‌തമായ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.    ബിലാസ്‌ഗഢിൽ എംപിമാരുടെ സംഘത്തിനുനേർക്കുണ്ടായ ബിജെപി ആക്രമണം നടുക്കുന്നതാണെന്നും ത്രിപുരയുടെ ക്രമസമാധാന തകർച്ചയിൽ പാർലമെന്ററി സംഘത്തിന്റെ ആശങ്കയും പ്രതിഷേധവും എളമരം ഗവർണറെ അറിയിച്ചു. അറിഞ്ഞതിനെക്കാർ ഭീകരമായ അവസ്ഥയാണ്‌ വിവിധ പ്രദേശങ്ങളിൽ നേരിട്ടെത്തിയപ്പോൾ കണ്ടതെന്നും എംപിമാർ പറഞ്ഞു. ബിജെപി നിയമസഭ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷം നേടിയപ്പോൾ തന്നെ അക്രമം തുടങ്ങി. ആയിരത്തിലധികം വീടുകളും നൂറുകണക്കിന്‌ കടകളും, വാഹനങ്ങളും ചുട്ടെരിച്ചു. വീടുകൾ വിട്ട്‌ ജനങ്ങൾ ഓടി രക്ഷപ്പെട്ടു. പലരും ഇപ്പോഴും കാടുകളിൽ കഴിയുന്നു. നിരവധി ഇടതുമുന്നണി,കോൺഗ്രസ്‌ പാർടി ഓഫീസുകളാണ്‌ തകർത്തത്‌. തെരഞ്ഞെടുപ്പിൽ വിജയിച്ച ഭരണകക്ഷി പ്രതിപക്ഷത്തിന്‌ നേർക്ക്‌ ഇത്രയും ഭീകരമായ ആക്രമണം അഴിച്ചുവിടുന്നത്‌ വിരോധാഭാസമാണെന്നും നിവേദനത്തിൽ പറഞ്ഞു.  വിഷയത്തിൽ ഉടൻ ഇടപെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയെന്ന്‌ എളമരം കരീം അറിയിച്ചു. എംപിമാർക്ക്‌ പുറമേ സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദർ ചൗധുരി, പിസിസി പ്രസിഡന്റ്‌ ബ്രിജിത്‌ സിൻഹ, എഐസിസി ജനറൽ സെക്രട്ടറി അജോയ്‌ കുമാർ തുടങ്ങിയവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. Read on deshabhimani.com

Related News