കള്ളപ്പണ വേട്ട: മുഖം നഷ്‌ട‌പ്പെട്ട് തൃണമൂൽ



കൊൽക്കത്ത> പശ്ചിമ ബംഗാളിൽ വൻതോതിലുള്ള കള്ളപ്പണ, അഴിമതി കേസുകളിൽ കുടുങ്ങി മുഖം നഷ്ടപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. അധ്യാപക നിയമന അഴിമതി കേസിൽ മുൻ മന്ത്രിയും പ്രമുഖ തൃണമൂൽ നേതാവുമായ പാർഥാ ചാറ്റർജി പിടിലായതിനു പിന്നാലെ തൃണമൂലിന്റെ നിരവധി നേതാക്കളാണ് കള്ളപ്പണ– അഴിമതി കേസുകളിൽ കുടുങ്ങിയത്. മമത ബാനർജിയുടെ വിശ്വസ്തനും സംസ്ഥാന മന്ത്രിയുമായ ഫിർഹാദ് ഹക്കിമിന്റെ അടുത്ത സുഹൃത്തും ട്രാൻസ്‌പോർട്ട് വ്യവസായിയുമായ അമർഖാന്റെ വീട്ടിൽ ഇഡി നടത്തിയ പരിശോധനയിൽ 18 കോടി രൂപയാണ് പിടിച്ചെടുത്തത്. ഹക്കിമിന്റെ മണ്ഡലവും കൊൽക്കത്ത തുറമുഖ പ്രദേശവുമായ ഗാർഡൻ റീച്ച് ഏരിയയിലുള്ള അമർഖാന്റെ വീട്ടിലാണ് ഇഡി റെയ്ഡ് നടന്നത്. ഒരാഴ്ചമുമ്പ് മൂർഷിദാബാദ് ഹലീശ്ഘർ മുനിസിപ്പൽ ചെയർമാനും തൃണമൂൽ നേതാവുമായ രാജൂ സഹാനീറിന്റെ വീട്ടിൽനിന്ന്‌ 80 ലക്ഷം രൂപയുടെ അനധികൃത നോട്ടുകെട്ടുകൾ പിടിച്ചെടുത്തു. മമത ബാനർജിയുടെ അനന്തരവനും തൃണമൂലിലെ രണ്ടാമനുമായ അഭിഷേക് ബാനർജി എംപിയെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ഇഡി ഇതിനകം പലതവണ ചോദ്യം ചെയ്തു. അഭിഷേകിന്റെ ഭാര്യാസഹോദരി മേനകാ ഗംഭീറിനെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്‌തു.   പാർഥാ ചാറ്റർജിയുടെയും കാമുകി അർപ്പിത മുഖർജിയുടെയും വിവിധ വസതികളിൽനിന്നായി 49 കോടി രൂപയാണ് ജൂലൈയിൽ ഇഡി പിടിച്ചെടുത്തത്. തൃണമൂൽ ബിർഭം ജില്ലാ പ്രസിഡന്റ് അനുബ്രദ മണ്ഡൽ കന്നുകാലി കടത്തുകേസിൽ കോടികളാണ് തട്ടിയത്. പാർഥാ ചാറ്റർജിയും മണ്ഡലും നിലവിൽ ജയിലിലാണ്. Read on deshabhimani.com

Related News