ട്രിബ്യൂണൽ നിയമനത്തില്‍ തന്നിഷ്ടമെന്ന്‌ സുപ്രീംകോടതി ; കേന്ദ്ര സർക്കാരിന്‌ കടുത്ത താക്കീത്



ന്യൂഡൽഹി തോന്നിയപടി ട്രിബ്യൂണലുകളിൽ  നിയമനം നടത്തുന്ന കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി. നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ, ഇൻകം ടാക്‌സ്‌ അപ്പലേറ്റ്‌ ട്രിബ്യൂണൽ അടക്കമുള്ളവയിലെ നിയമനം തന്നിഷ്ടപ്രകാരമെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ തുറന്നടിച്ചു. കമ്പനി ലോ ട്രിബ്യൂണൽ ആക്ടിങ് ചെയർപേഴ്‌സൻ ജസ്‌റ്റിസ്‌ എ ഐ എസ്‌ ചീമയെ കാലാവധി തീരുംമുമ്പ് മാറ്റിയതിനെയും രൂക്ഷമായി വിമർശിച്ചു. ആളെ കണ്ടെത്തി നിയമിക്കാന്‍  അധികാരമുള്ള സമിതി തയ്യാറാക്കിയ പട്ടികയിൽനിന്ന്‌ ട്രിബ്യൂണൽ അംഗങ്ങളെ നിയമിക്കാതെ വെയിറ്റിങ് ലിസ്‌റ്റിൽനിന്ന്‌ നിയമനം നടത്തുന്നത് ശരിയല്ലെന്ന് ചീഫ്‌ജസ്‌റ്റിസ്‌ ചൂണ്ടിക്കാട്ടി. സമിതി ശുപാര്‍ശ തള്ളാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ വാദം കോടതിയെ ചൊടിപ്പിച്ചു. ‘ഭരണഘടനയ്‌ക്ക്‌ കീഴിലാണ്‌ എല്ലാവരും. ഇത്തരം വാദങ്ങൾ അംഗീകരിക്കില്ല. ജനാധിപത്യ രാജ്യമാണെന്ന വസ്‌തുത മറക്കരുത്‌. ഓരോ ട്രിബ്യൂണലിലേക്കും യോഗ്യതയുള്ളവരെയാണ്‌ സമിതി ശുപാർശ ചെയ്‌തത്‌. എത്രയും പെട്ടെന്ന്‌ ശുപാർശ അംഗീകരിച്ച്‌ നിയമനം നടത്തിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി  നേരിടേണ്ടിവരും ’–- ചീഫ്‌ ജസ്‌റ്റിസ്‌ സർക്കാരിന്‌ താക്കീതുനൽകി. രണ്ടാഴ്ചയ്ക്കകം കേന്ദ്രം നിലപാട് വ്യക്തമാക്കാനും  ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, എൽ നാഗേശ്വരറാവു എന്നിവരുടെ  ബെഞ്ച്‌ നിർദേശിച്ചു. Read on deshabhimani.com

Related News