രാജ്യത്തെ ആദ്യ ട്രാൻസ്‌ പൈലറ്റിന്‌ ലൈസൻസ്‌ നിഷേധിക്കുന്നു; ക്ലിയറൻസ് നൽകാനാവില്ലെന്ന്‌ ഡിജിസിഎ



ന്യൂഡൽഹി > രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ പൈലറ്റും തൃശ്ശൂർ സ്വദേശിയുമായ ആദം ഹാരിക്ക്‌ വാണിജ്യ പൈലറ്റ് ലൈസൻസ്   നിഷേധിച്ച്‌ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ലൈസൻസ്‌ നൽകാതായതോടെ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുകയാണ്‌ ഹാരി (23) യിപ്പോൾ. ഹോർമോൺ ചികിത്സ നടക്കുന്നതിനാൽ മെഡിക്കൽ ക്ലിയറൻസ് നൽകാനാവില്ലെന്നാണ്‌ ഡിജിസിഎയുടെ ഭാഷ്യം. 2020 ലാണ്‌ അപേക്ഷ നൽകിയത്‌.  മാനസികനില പരിശോധനയടക്കം കടുത്ത പരിശോധനകൾക്ക്‌ വിധേയമാക്കിയ ശേഷമാണ്‌ പരീക്ഷയിൽ തോൽപ്പിച്ചത്‌. എന്നാൽ നിലപാട്‌ വിവേചനപരമാണെന്നും ട്രാൻസ്ഫോബിയാണെന്നും വിമർശിച്ച ആദം, ഡിജിസിഎക്കെതിരെ കേരള ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ വ്യക്തമാക്കി. കുടുംബം പിന്തുണ നൽകാതായതോടെ  സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ്‌ തിരുവനന്തരപുരം രാജീവ്‌ ഗാന്ധി അക്കാഡമി ഫോർ എവിയേഷൻ ടെക്‌നോളജിയിൽ പ്രവേശനം നേടിയത്‌. പുരുഷ ശരീരത്തിൽ കാണുന്ന ടെസ്റ്റോസ്റ്റിറോൺ ഹോർമോണാണ്‌ ഹാരി സ്വീകരിക്കുന്നത്‌. ദക്ഷിണാഫ്രിക്കയിൽ നിന്നാണ്‌ എവിയേഷൻ പഠനം പൂർത്തിയാക്കിയത്‌. യുകെ, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ വിമാനം പറത്താനുള്ള അനുമതിയുള്ളപ്പോഴാണ്‌ ഹാരിക്ക്‌ സ്വന്തം രാജ്യത്ത്‌ അനുമതി നിഷേധിച്ചത്‌.  2020 ൽ നടന്ന മെഡിക്കൽ പരിശോധനയിൽ   വനിത വിഭാഗത്തിൽ പങ്കെടുക്കാൻ ഡിജിസിഎ ഹാരിയെ നിർബന്ധിച്ചിരുന്നു. പരിശോധനയ്‌ക്ക്‌ ആറുമാസം മുമ്പ്‌ ചികിത്സ നിർത്തിയത്‌ കടുത്ത ശാരിരിക - മാസനിക പ്രശ്‌നങ്ങൾക്കും കാരണമാകുന്നതായി ഹാരി പറഞ്ഞു. നിയമ യുദ്ധത്തിൽ ഹാരി വിജയിച്ചാൽ ആൺ/പെൺ വിഭാഗങ്ങൾക്ക്‌ മാത്രം ലൈൻസൻസ്‌ നൽകുന്ന ഡിജിസിഎ ചട്ടങ്ങൾ പൊളിച്ചെഴുതേണ്ടി വരും. Read on deshabhimani.com

Related News