കശ്‌മീരിൽ മറുനാട്ടുകാരുടെ കൂട്ടപ്പലായനം ; രണ്ടാഴ്‌ചയ്‌ക്കിടെ കൊല്ലപ്പെട്ടത് 5 ഇതരസംസ്ഥാനക്കാരും 6 തദ്ദേശീയരും

videograbbed image edited


ന്യൂഡൽഹി ജമ്മു കശ്‌മീരിൽ ഇതരസംസ്ഥാനക്കാരെ തീവ്രവാദികൾ ലക്ഷ്യമിടുന്നതോടെ ഹിന്ദി സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികള്‍ കൂട്ടപ്പലായനത്തില്‍. ജമ്മു,  ഉധംപുർ റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലും നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലാളികൾ ചൊവ്വാഴ്‌ച കൂട്ടമായെത്തി. തൊഴിലാളികളെ താഴ്വരയിൽ തുടരാൻ സേന പ്രേരിപ്പിക്കുന്നെങ്കിലും ആക്രമണഭീതിയിൽ ഒഴുക്ക്‌ തുടരുന്നു. ചിലയിടങ്ങളില്‍ മറുനാട്ടുകാരെ പ്രത്യേക സുരക്ഷയൊരുക്കിയ കെട്ടിടങ്ങളിലേക്കും സൈനികകേന്ദ്രങ്ങളിലേക്കും മാറ്റി. രണ്ടാഴ്‌ചയ്‌ക്കിടെ അഞ്ച്‌ ഇതരസംസ്ഥാനക്കാരെയും ആറ്‌ തദ്ദേശീയരെയും തീവ്രവാദികൾ കൊന്നു. ഞായറാഴ്‌ച കുൽഗാമിൽ രണ്ട്  ബിഹാറി തൊഴിലാളികളെ വീട്ടിൽ കയറി വെടിവച്ച്‌ കൊന്നു. ബിഹാർ, യുപി, ജാർഖണ്ഡ്‌, ഛത്തീസ്ഗഢ്‌, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിൽനിന്നായി നാലു ലക്ഷത്തോളം തൊഴിലാളികൾ പ്രതിവര്‍ഷം കശ്‌മീരിൽ എത്താറുണ്ട്. മാർച്ചില്‍ എത്തിയാല്‍ നവംബറിലാണ് സാധാരണ മടങ്ങുക. പ്രത്യേക പദവി എടുത്തുകളഞ്ഞ്‌ 2019 ആഗസ്‌തിൽ  ജമ്മു കശ്‌മീരിനെ വിഭജിച്ചത്‌ താഴ്‌വരയിലെ സ്ഥിതി വഷളാക്കി. വേഗം സമാധാനം പുനഃസ്ഥാപിക്കുമെന്നാണ്‌ മോദി അവകാശപ്പെട്ടത്‌. എന്നാൽ,  ഈ വർഷംമാത്രം 32 സാധാരണ പൗരര്‍ കൊല്ലപ്പെട്ടു. ഒക്‌ടോബറിൽമാത്രം സൈനികരും ഭീകരരുമടക്കം 33 പേർ മരിച്ചു. അമിത്‌ ഷാ കശ്മീരിലേക്ക് കശ്‌മീരിലെ ക്രമസമാധാനസ്ഥിതി വഷളായതോടെ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്ഥിതി ധരിപ്പിച്ചു.അമിത്‌ ഷാ 23നും 24നും താഴ്‌വര സന്ദർശിക്കും. കരസേനാ മേധാവി ജനറൽ എം എം നരവനെ ജമ്മു കശ്‌മീരിലുണ്ട്‌. ഒറ്റക്കെട്ടായി ശബ്ദമുയർത്തണം: തരിഗാമി കശ്‌മീരിൽ ഇതരസംസ്ഥാനക്കാരെ ഭീകരർ ലക്ഷ്യമിടുന്നതിനെ നിശിതമായി വിമർശിച്ച്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി. ജീവിതോപാധിക്കായി താഴ്‌വരയിലെത്തിയ ഇതരസംസ്ഥാനക്കാരെ കൊല്ലുന്നത്‌ നീചമായ കുറ്റകൃത്യമാണ്‌. ഇത് കശ്മീരികളുടെ താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമാണ്‌. വിളവെടുപ്പ്‌ സീസണിന്റെ പാരമ്യത്തിലാണ്‌ ആക്രമണങ്ങൾ. വെറുതെ അപലപിച്ചതുകൊണ്ടു കാര്യമില്ല. എല്ലാവരും മുന്നോട്ടുവന്ന് അക്രമികൾക്കെതിരെ ശബ്ദമുയർത്തണം. പൗരസമൂഹവും രാഷ്ട്രീയപാർടികളും യോജിച്ച്‌ രംഗത്തുവരണമെന്നും തരിഗാമി അഭ്യർഥിച്ചു. Read on deshabhimani.com

Related News