ടീസ്‌തയും ശ്രീകുമാറും അറസ്റ്റിൽ ; ഗുജറാത്ത് വംശഹത്യയില്‍ സുപ്രീംകോടതി 
ഉത്തരവിന് പിന്നാലെ 
പ്രതികാരനടപടി



മുംബൈ/അഹമ്മദാബാദ് ഗുജറാത്ത്‌ വംശഹത്യയില്‍ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്ഐടി നടപടിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ ഹർജിക്കാരിലൊരാളായ സാമൂഹിക പ്രവർത്തക ടീസ്‌ത സെതൽവാദിനെയും   ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റുചെയ്‌തു.  ഇവര്‍ക്കും ഇപ്പോള്‍ ​ഗുജറാത്തില്‍ തടവിലുള്ള മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനും എതിരെ  വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തു. മോദിസര്‍ക്കാരിന്റെയും സംഘപരിവാരത്തിന്റെയും കണ്ണിലെ കരടാണ് മൂവരും. ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ടീസ്‌തയെ പകൽ മൂന്നിന് മുംബെയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം അഹമ്മദാബാദിലേക്ക്‌ കൊണ്ടുപോയി.  പൊലീസുകാർ വീട്ടിൽ അതിക്രമിച്ച്‌ കയറിയതായി ടീസ്തയുടെ കുടുംബം പ്രതികരിച്ചു. മലയാളിയായ ആര്‍ ബി  ശ്രീകുമാറിനെ ഗാന്ധിനഗറിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട് ടീസ്‌തയുടെ സന്നദ്ധസംഘടന അടിസ്ഥാനരഹിത വിവരം പ്രചരിപ്പിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അഭിമുഖത്തിൽ പറഞ്ഞ് മണിക്കൂറുകൾക്കകമാണ് അറസ്റ്റുണ്ടായത്.   ഗുൽബർഗ്‌ സൊസൈറ്റിയിൽ അക്രമികൾ ചുട്ടുകൊന്ന കോൺഗ്രസ്‌ എംപി എഹ്‌സാൻ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി നൽകിയ ഹർജിയാണ്‌ ശനിയാഴ്ച സുപ്രീംകോടതി തള്ളിയത്‌. അന്നത്തെ  ബിജെപി സംസ്ഥാന സര്‍ക്കാരും സംഘപരിവാര്‍ നേതാക്കളും നടത്തിയ ​ഗൂഢാലോചനയുടെ ഭാ​ഗമായാണ് വംശഹത്യ അരങ്ങേറിയതെന്ന മുൻ മന്ത്രി ഹരേൺ പാണ്ഡ്യ,  ആർ ബി ശ്രീകുമാർ, സഞ്‌ജീവ്‌ ഭട്ട്‌ എന്നിവരുടെ വെളിപ്പെടുത്തലുകൾ അവിശ്വസനീയമെന്നാണ് കോടതി നിരീക്ഷിച്ചത്. Read on deshabhimani.com

Related News