ബിജെപി നേതാവിന്റെ അറസ്‌റ്റ്‌ : ഏറ്റുമുട്ടി പഞ്ചാബ്‌ ഡല്‍ഹി പൊലീസ്‌

തജീന്ദർ പാൽ സിങ്‌ ബഗ്ഗ


ന്യൂഡൽഹി വിദ്വേഷ പ്രസ്‌താവന നടത്തിയ കേസിലെ ബിജെപി നേതാവിനെ അറസ്‌റ്റ് ചെയ്ത പഞ്ചാബ്‌ പൊലീസുമായി ‘ഏറ്റുമുട്ടി’ ഡൽഹി, ഹരിയാന പൊലീസ്‌ സേനകൾ. പടിഞ്ഞാറൻ ഡൽഹിയിലെ വീട്ടിൽനിന്ന്‌ അറസ്‌റ്റു ചെയ്‌ത ബിജെപി നേതാവ്‌ തജീന്ദർ പാൽ സിങ്‌ ബഗ്ഗയുമായി മൊഹാലിയിലേക്ക്‌പോയ പത്തംഗ പഞ്ചാബ്‌ പൊലീസ്‌ സംഘത്തെ ഡൽഹി പൊലീസിന്റെ നിർദേശത്തെതുടർന്ന്‌ ഹരിയാനയിൽ തടഞ്ഞുവച്ചു. ഡൽഹി പൊലീസെത്തി തജീന്ദർ പാലിനെ മടക്കികൊണ്ടുപോകുകയും തട്ടിക്കൊണ്ടുപോകൽ ശ്രമത്തിന്‌ പഞ്ചാബ്‌ പൊലീസുകാർക്കെതിരെ കേസെടുക്കുകയും ചെയ്‌തു. ഹരിയാന കുരുക്ഷേത്രയിലെ പിപ്‌ലിയിലാണ്‌ അസാധാരണ ന‌ടപടികളുണ്ടായത്. വിദ്വേഷ പ്രസ്‌താവനകൾ നടത്തുകയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെതിരെ വധഭീഷണി മുഴക്കുകയും ചെയ്‌തെന്ന കേസിലാണ്‌ തജീന്ദർ പാലിനെ പഞ്ചാബ്‌ പൊലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. ഇതിനെതിരെ കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസും ബിജെപി ഭരണത്തിലുള്ള ഹരിയാനയിലെ പൊലീസും രംഗത്തുവന്നത്‌ രാഷ്‌ട്രീയവിവാദത്തിന് തിരികൊളുത്തി.തജീന്ദർ പാലിനൊപ്പം പഞ്ചാബ്‌ പൊലീസ്‌ ഉദ്യോഗസ്ഥരെയും ഹരിയാന പൊലീസ്‌ താനേസർ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. മകനെ വീട്ടിൽനിന്ന്‌ തട്ടിക്കൊണ്ടുപോയെന്ന അച്ഛന്റെ പരാതിയിലാണ്‌ നടപടിയെന്നാണ്‌ ഡൽഹി പൊലീസിന്റെ അവകാശവാദം. പ്രദേശത്ത എസ്‌എച്ച്‌ഒയെ അറസ്‌റ്റ്‌ വിവരം മുൻകൂട്ടി അറിയിച്ചിരുന്നെന്ന്‌ മൊഹാലി എസ്‌പി മൻപ്രീത്‌ സിങ്‌ പ്രതികരിച്ചു. ഡൽഹി പൊലീസിന്റെ സന്ദേശത്തെ തുടർന്നാണ്‌ പഞ്ചാബ്‌ സംഘത്തെ തടഞ്ഞതെന്ന്‌ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്‌ പറഞ്ഞു. ഹരിയാന, ഡൽഹി പൊലീസ്‌ നിയമലംഘനം നടത്തിയെന്നും തജീന്ദർ പാലിനെ ഹരിയാനയിൽ തുടരാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട്‌ പഞ്ചാബ്‌ –-ഹരിയാന ഹൈക്കോടതിയിൽ പഞ്ചാബ്‌ പൊലീസ്‌ സമർപ്പിച്ച ഹർജി തള്ളി. ശനിയാഴ്‌ച കേസ്‌ പരിഗണിക്കും. ഇതോടെ ഹരിയാനയിൽനിന്ന്‌ തജീന്ദർ പാലിനെ ഡൽഹി പൊലീസ് മടക്കിക്കൊണ്ടുപോയി. കെജ്‌രിവാളിന്റെ വസതിയിലേക്ക്‌ ബിജെപി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ആം ആദ്‌മി സർക്കാർ പ്രതികാര രാഷ്ട്രീയം പയറ്റുകയാണെന്നു ബിജെപി ആരോപിച്ചു. അഞ്ചുതവണ നോട്ടീസയച്ചിട്ടും ഹാജരകാൻ കൂട്ടാക്കാതിരുന്നതോടെയാണ്‌ വീട്ടിലെത്തി പിടികൂടിയതെന്ന്‌ എഎപി പ്രതികരിച്ചു.   Read on deshabhimani.com

Related News