മിശ്രവിവാഹം സമുദായ സംഘർഷം ഇല്ലാതാക്കും: സുപ്രീംകോടതി



ന്യൂഡൽഹി മിശ്രവിവാഹങ്ങളിലൂടെ രാജ്യത്ത്‌ ജാതി, സാമുദായിക സംഘർഷങ്ങൾ കുറയുമെന്ന്‌ സുപ്രീംകോടതി. ഈ മാസം എട്ടിന്‌ പുറപ്പെടുവിച്ച വിധി ന്യായത്തിലാണ്‌ ശ്രദ്ധേയ നിരീക്ഷണം. ‘വിദ്യാസമ്പന്നരായ യുവതീയുവാക്കൾ ഇഷ്ടപ്പെട്ട ജീവിതപങ്കാളികളെ സ്വയം കണ്ടെത്തി പുതിയ വഴി തുറക്കുന്നു‌. നേരത്തെ വിവാഹത്തില്‍ ജാതി, സമുദായ താൽപ്പര്യം ഇടപെടൽ നടത്തിയിരുന്നു‌. മിശ്രജാതി വിവാഹങ്ങളിലൂടെ ഈ കീഴ്‌വഴക്കം മാറുന്നത്‌ അനുഭവവേദ്യമാണ്‌. ഒരുപക്ഷേ, മിശ്രജാതി വിവാഹങ്ങളിലൂടെ ജാതി, സാമുദായിക സംഘർഷങ്ങൾ കുറയുമായിരിക്കും’–- ജസ്‌റ്റിസ്‌ സഞ്‌ജയ് ‌കിഷൻകൗൾ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.  ‘അനിഹിലേഷൻ ഓഫ്‌ കാസ്‌റ്റ്‌’ (ജാതിയുടെ ഉന്മൂലനം) എന്ന പുസ്‌തകത്തിൽ സമാനമായ വസ്‌തുത ഡോ. ബി ആർ അംബേദ്‌ക്കർ ചൂണ്ടിക്കാണിച്ചിട്ടുള്ളതായും വിധിന്യായത്തിൽ പറഞ്ഞു. അവരവരുടെ താൽപ്പര്യമനുസരിച്ച് പങ്കാളികളെ തെരഞ്ഞെടുക്കുന്നത്‌ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യമാണെന്നും സുപ്രീംകോടതി വിലയിരുത്തി. പ്രണയിച്ച പുരുഷനെ വിവാഹം ചെയ്യാനായി ബംഗളൂരുവിൽനിന്ന്‌ ഡൽഹിയിലേക്ക്‌ എത്തിയ യുവതിയെ ബന്ധുക്കളുടെ പരാതിയില്‍ തിരിച്ചയക്കാനുള്ള പൊലീസിന്റെ നീക്കം തടഞ്ഞാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. Read on deshabhimani.com

Related News