കോടതിയിൽ സർമപ്പിക്കേണ്ട കുറ്റപത്രം 
പൊതുരേഖയല്ല : സുപ്രിംകോടതി



ന്യൂഡൽഹി കോടതിയിൽ സർമപ്പിക്കേണ്ട കുറ്റപത്രം പൊതുരേഖയല്ലെന്ന്‌ സുപ്രിംകോടതി. പ്രഥമ വിവര റിപ്പോർട്ടിന്‌ (എഫ്‌ഐആർ) സമാനമല്ല കുറ്റപത്രങ്ങൾ. എഫ്‌ഐആർപോലെ കുറ്റപത്രം വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യാൻ അന്വേഷണ ഏജൻസികളോട്‌ ആവശ്യപ്പെടാനാകില്ലെന്നും  ജസ്റ്റിസുമാരായ എം ആർ ഷായും സി ടി രവികുമാറും ഉൾപ്പെട്ട ബെഞ്ച്‌ നിരീക്ഷിച്ചു. കുറ്റപത്രവും അതോടൊപ്പമുള്ള രേഖകളും തെളിവ്‌ നിയമത്തിലെ 74–-ാം വകുപ്പിൽ പറയുന്ന പൊതുരേഖകളുടെ പരിധിയിൽ വരില്ല. അവ അപ്‌ലോഡ്‌ ചെയ്യുന്നത്‌ പ്രതിയുടെയും ഇരയുടെയും അന്വേഷണ ഏജൻസിയുടെയുമെല്ലാം അവകാശങ്ങളെ ഹനിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. കുറ്റപത്രം പൊതുരേഖയാണെന്നും ജനങ്ങൾക്ക്‌ മനസ്സിലാക്കാൻ അപ്‌ലോഡ്‌ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ്‌ സുപ്രീംകോടതി നിലപാട്‌ വ്യക്തമാക്കിയത്‌. യൂത്ത്‌ ബാർ അസോസിയേഷൻ കേസിൽ എഫ്‌ഐആറുകൾ അപ്‌ലോഡ്‌ ചെയ്യണമെന്ന്‌ കോടതി നിർദേശിച്ചത്‌ നിരപരാധികളായ കുറ്റാരോപിതർക്ക്‌ കോടതിയെ സമീപിക്കാൻ അവസരമൊരുക്കാനും കേസ്‌ അപ്രതീക്ഷിത ആഘാതമായി മാറാതിരിക്കാനുമാണ്‌. ഈ നിർദേശം കുറ്റപത്രങ്ങളുടെ കാര്യത്തിൽ ബാധകമാക്കാനാകില്ല. അത്‌ ക്രിമിനൽ നടപടിചട്ടത്തിന്‌ വിരുദ്ധമാണെന്നും കോടതി  പറഞ്ഞു. Read on deshabhimani.com

Related News