സ്വവർഗവിവാഹം രജിസ്റ്റർ ചെയ്യാന്‍ അനുമതി: കേന്ദ്രത്തിന്‌ സുപ്രീംകോടതി നോട്ടീസ്‌



ന്യൂഡൽഹി > സ്വവർഗ വിവാഹം സ്‌പെഷ്യൽ മാരേജ്‌ ആക്‌റ്റ്‌ പ്രകാരം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന്‌ നോട്ടീസ്‌ അയച്ചു. ഹൈദരാബാദിലെ സ്വവർഗ പങ്കാളികളായ ചെറുപ്പക്കാരുടെ ഹർജിയിൽ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ കേന്ദ്ര സർക്കാരിനും അറ്റോർണി ജനറലിനും നോട്ടീസ്‌ അയച്ചത്‌. നാലാഴ്‌ചയ്‌ക്കുള്ളിൽ സർക്കാർ നിലപാട്‌ അറിയിക്കണം. അച്ഛനമ്മമാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച്‌  വിവാഹച്ചടങ്ങ്‌ നടത്തിയതായി ഹർജിക്കാരായ സുപ്രിയോ ചക്രവർത്തിയും അഭയ്‌ദാങ്ങും ഹർജിയിൽ പറഞ്ഞു. എന്നാൽ, നിയമാനുസൃതം വിവാഹം ചെയ്യാനുള്ള വ്യവസ്ഥ ഇല്ലാത്തതിനാൽ വിവാഹിതരുടെ അവകാശങ്ങൾ  ലഭിക്കുന്നില്ല. ഇഷ്‌ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കാനും നിയമാനുസൃതം വിവാഹം ചെയ്യാനുമുള്ള അവകാശം എൽജിബിടിക്യൂ പ്ലസ്‌ (ലൈം​ഗികന്യൂനപക്ഷങ്ങള്‍) പൗരന്മാർക്കും ഉറപ്പാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. സമാനമായ ആവശ്യം ഉന്നയിച്ച്‌ മറ്റൊരു ഹർജിയും സുപ്രീംകോടതി പരിഗണനയിലുണ്ട്. Read on deshabhimani.com

Related News