ഭീതിയുടെ അന്തരീക്ഷം ഉണ്ടാക്കരുത്‌ ; ഇഡിക്ക്‌ സുപ്രീംകോടതിയുടെ താക്കീത്‌



ന്യൂഡൽഹി ഭീതിയുടെ അന്തരീക്ഷം ഉണ്ടാക്കരുതെന്ന്‌ എൻഫോഴസ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ (ഇഡി) സുപ്രീംകോടതിയുടെ താക്കീത്‌. ഛത്തീസ്‌ഗഢിലെ 2000 കോടിയുടെ മദ്യഅഴിമതി കേസിൽ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേലിനെ കുടുക്കാൻ ഇഡി ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്ന ആരോപണം കണക്കിലെടുത്താണ്‌ സുപ്രീംകോടതിയുടെ ശ്രദ്ധേയനിരീക്ഷണം. കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയെ കുടുക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ്‌ ഇഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന്‌ സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. പല എക്‌സൈസ്‌ ഉദ്യോഗസ്ഥരെയും ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്കെതിരായ മൊഴികൾ നൽകാൻ സമ്മർദം ചെലുത്തുന്നു. അല്ലെങ്കിൽ, ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും അറസ്റ്റ്‌ ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തുന്നു–-സിബൽ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന്‌ ജസ്റ്റിസുമാരായ സഞ്‌ജയ്‌ കിഷൻ കൗൾ, അഹ്‌സനുദീൻ അമാനുള്ള എന്നിവർ അംഗങ്ങളായ ബെഞ്ച്‌ മുന്നറിയിപ്പ്‌ നൽകി. ഇത്തരം നടപടികൾ ഏജൻസിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ  സംശയനിഴലിലാക്കുമെന്നും കോടതി നിരീക്ഷിച്ചു. സിൻഡിക്കറ്റുകളിൽനിന്ന്‌ കോഴ കൈപ്പറ്റി മദ്യനയത്തിൽ മാറ്റങ്ങൾ വരുത്തിയെന്നാണ്‌ കേസ്‌. Read on deshabhimani.com

Related News