ജല്ലിക്കെട്ടിന് അനുമതി: തമിഴ് സംസ്‌‌കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി



ന്യൂഡൽഹി തമിഴ്‌നാട്ടിൽ ജല്ലിക്കട്ട്‌ നടത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമഭേദഗതികൾ സുപ്രീംകോടതി അംഗീകരിച്ചു. ജല്ലിക്കട്ട്‌ ഒരു നൂറ്റാണ്ടായി തമിഴ്‌നാട്ടിൽ നടന്നുവരുന്നതാണെന്നും അതിൽ ഇടപെടേണ്ടതില്ലെന്നും ജസ്റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനായ ഭരണഘടനാബെഞ്ച്‌ നിരീക്ഷിച്ചു. 2014ൽ സുപ്രീംകോടതി ഡിവിഷൻബെഞ്ച്‌ ജല്ലിക്കട്ടിന്‌ അനുമതി നിഷേധിച്ചിരുന്നു. ജല്ലിക്കട്ട്‌ തമിഴ്‌നാട്‌ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമല്ലെന്ന്‌ നിരീക്ഷിച്ചായിരുന്നു നടപടി.ഈ നിരീക്ഷണത്തോട്‌ യോജിപ്പില്ലെന്ന്‌ ഭരണഘടനാബെഞ്ച്‌ ഉത്തരവിൽ പറഞ്ഞു. ജല്ലിക്കട്ട്‌ നടത്തുന്നതിനായി 2017ൽ തമിഴ്‌നാട്‌ സർക്കാർ മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ (പിസിഎ) നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. ജല്ലിക്കട്ട്‌ എങ്ങനെ നടത്തണമെന്നതും സർക്കാർ വ്യവസ്ഥ ചെയ്‌തു. തുടർന്ന്‌, സംസ്ഥാനത്ത്‌ വീണ്ടും ജല്ലിക്കട്ട്‌ തുടങ്ങി. നിയമഭേദഗതി ചോദ്യം ചെയ്‌ത്‌ അനിമൽ വെൽഫെയർ ബോർഡ്‌, മൃഗസംരക്ഷണ സംഘടനയായ പെറ്റ തുടങ്ങിയവരുടെ ഹർജിയിലാണ്‌ ഭരണഘടനാബെഞ്ച്‌ വ്യാഴാഴ്‌ച വിധി പുറപ്പെടുവിച്ചത്‌. ജല്ലിക്കട്ട്‌ തമിഴ്‌നാട്‌ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണെന്ന്‌ നിയമസഭ തീരുമാനിച്ചാൽ കോടതി മറിച്ചൊരു തീരുമാനം എടുക്കേണ്ട കാര്യമില്ലെന്ന് ഉത്തരവില്‍ പറയുന്നു. കാളയോട്ടമത്സരങ്ങൾ നടത്താൻ മഹാരാഷ്ട്രയും കർണാടകവും പിസിഎ നിയമം ഭേദഗതി ചെയ്‌തിരുന്നു. ഈ ഭേദഗതികളും സുപ്രീംകോടതി ശരിവച്ചു. Read on deshabhimani.com

Related News