ജഡ്‌ജിയുടെ കൊലപാതകം : കേസെടുത്ത്‌ സുപ്രീംകോടതി



ന്യൂഡൽഹി ജാർഖണ്ഡിൽ അഡീഷണൽ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദ് പട്ടാപ്പകൽ കൊല്ലപ്പെട്ടതിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ സമർപ്പിക്കണമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ ജാർഖണ്ഡ്‌ ചീഫ്‌സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകി. ‘കോടതികളുടെയും ജഡ്‌ജിമാരുടെയും സംരക്ഷണം’(‘ധൻബാദിലെ അഡീഷണൽ സെഷൻസ്‌ ജഡ്‌ജി കൊല്ലപ്പെട്ട സംഭവം’) എന്ന പേരിലാണ്‌ സുപ്രീംകോടതി കേസെടുത്തിട്ടുള്ളത്‌. കൊലപാതകത്തിൽ ജാർഖണ്ഡ്‌ ഹൈക്കോടതി  നടപടിയിൽ സുപ്രീംകോടതി ഇടപെടില്ല. കോടതിക്ക്‌ അകത്തും പുറത്തും ജഡ്‌ജിമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്നും ചീഫ്‌ജസ്‌റ്റിസ്‌ വിശദീകരിച്ചു. മറ്റ്‌ സംസ്ഥാനങ്ങളിലെ അഡ്വക്കറ്റ്‌ ജനറൽമാർക്കുകൂടി നോട്ടീസ്‌ അയക്കാൻ കോടതി നിർദേശിച്ചു. അടുത്ത ആഴ്‌ച കേസ്‌ വീണ്ടും പരിഗണിക്കും. 2 പേര്‍ പിടിയില്‍ ബുധനാഴ്ച പ്രഭാതസവാരിക്കിടെ ജഡ്ജിയെ പിറകിലൂടെ എത്തിയ ഓട്ടോ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.  സിസിടിവി ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.  ജഡ്ജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവം അന്വേഷിക്കാന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു.  ഏതെങ്കിലും കേസുമായി ബന്ധമുള്ളവരാണോ പിന്നിലെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടുപേര്‍ പിടിയിലായെങ്കിലും കൊലയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് ബൊക്കാറോ ഡിഐജി മയൂര്‍ പട്ടേല്‍ പറഞ്ഞു.  തൊട്ടടുത്ത ന​ഗരത്തില്‍നിന്ന്‌ മോഷ്ടിക്കപ്പെട്ടതാണ് വാഹനം. ഓട്ടോ ഡ്രൈവര്‍ ലഖന്‍ വെര്‍മയും സഹായി രാഹുല്‍ വെര്‍മയുമാണ് പിടിയിലായത്. ഇവർ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കുറ്റവാളികളോട് കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന ജഡ്ജി ജൂലൈയില്‍മാത്രം 36 കേസില്‍ വിധി പറഞ്ഞിട്ടുണ്ട്. അടുത്തിടെ ചില ​ഗുണ്ടാനേതാക്കളുടെ ജാമ്യാപേക്ഷ അദ്ദേഹം നിരസിച്ചിരുന്നു. Read on deshabhimani.com

Related News